പത്തിരിപ്പാല ∙ ഗജരാജൻ ചെർപ്പുളശ്ശേരി ശേഖരൻ ചരിഞ്ഞു. തേനൂർ എട്ടാം മൈലിൽ ഇന്നലെ വൈകിട്ട് 7നാണ് ചരിഞ്ഞത്. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു. അഴകിലും തലയെടുപ്പിലും പ്രധാനിയായ ശേഖരന്‍ പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്നു. ചെർപ്പുളശ്ശേരി ആനത്തറവാട്ടിലെ ആദ്യത്തെ ആനയായ ശേഖരന് 68 വയസ്സുണ്ട്. പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള ആന 2000ൽ എത്തിയതാണ്. ഒരു ഉത്സവ സീസണിൽ 120ൽ അധികം എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ശേഖരൻ ആനപ്രേമികളുടെ പ്രിയപ്പെട്ടവനാണ്.
കഴിഞ്ഞ മാസം 12ന് തൂത ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിലാണ് അവസാനമായി തിടമ്പേറ്റി എഴുന്നള്ളിച്ചത്.രണ്ടു പതിറ്റാണ്ടിലധികം ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഉത്സവത്തിനു തിടമ്പേറ്റി. തൃശൂർ പൂരം, ചിനക്കത്തൂർ പൂരം, തൂത പൂരം, നെന്മാറ, ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ്, ഉത്രാളിക്കാവ്, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ എന്നിങ്ങനെ പ്രധാന ഉത്സവങ്ങളില്‍ പതിവായി എഴുന്നള്ളിക്കാറുണ്ട്. ഇന്ന് ഉച്ചയ്ക്ക് സംസ്കാരത്തിനായി വാളയാര്‍ വനത്തിലേക്കു കൊണ്ടുപോകും.