കടവ് ഊര്: കുടുംബങ്ങളുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തും
Mail This Article
മുതലമട ∙ പറമ്പിക്കുളം കടവ് ആദിവാസി ഊരിലെ ഗോത്ര കുടുംബങ്ങൾക്കു വീടു നിർമിക്കുന്നതിനു മുൻപായി അവരുടെ സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്താൻ തീരുമാനം. കെ.ബാബു എംഎൽഎ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവി എന്നിവരുടെ നേതൃത്വത്തിൽ കോളനിയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. സർവേ, റവന്യു, വനം വകുപ്പുകൾ ചേർന്ന് ഓരോ കുടുംബത്തിനും എത്ര സ്ഥലം കടവു കോളനിക്കകത്തുണ്ട് എന്നു കണ്ടെത്തും. ഓഗസ്റ്റിനു മുൻപായി ഇതു പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷം എങ്ങനെ വീട് നിർമിച്ചു നൽകണമെന്ന കാര്യം തീരുമാനിക്കും.
പറമ്പിക്കുളം കടവു കോളനിയിലെ ആദിവാസികൾക്കായി മൂന്നു നില വരുന്ന ഫ്ലാറ്റ് നിർമിക്കാമെന്ന അഭിപ്രായം ഉയർന്നെങ്കിലും കോളനിക്കാരിൽ പലരും അതിനോട് യോജിച്ചിട്ടില്ല. അവരുടെ സ്ഥലങ്ങളിൽ സ്വന്തമായി വീട് നിർമിക്കണമെന്നതാണു കോളനിക്കാർ ഉയർത്തുന്ന ആവശ്യം. ലൈഫ് പദ്ധതിയിലും പട്ടികവർഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുമാണു വീടുകൾ നിർമിച്ചു നൽകുക. ഇവിടെ നാൽപതിലധികം കുടുംബങ്ങൾ ഇവിടെയുണ്ട്. നിലവിൽ അവർ താമസിക്കുന്ന വീടുകൾ ജീർണാവസ്ഥയിലാണ്. അതു കൊണ്ടാണു പുതിയ വീട് നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. പഞ്ചായത്ത് ഉപാധ്യക്ഷൻ എം.താജുദ്ദീൻ, പഞ്ചായത്തംഗം ശെൽവി മഹേന്ദ്രൻ, പറമ്പിക്കുളം കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ ആർ.സുജിത് പട്ടികവർഗ ഓഫിസർ അജീഷ് എന്നിവർ പങ്കെടുത്തു.