കഞ്ചിക്കോട്ട് വീണ്ടും കാട്ടാനക്കൂട്ടം: ജനം ഭീതിയിൽ, കർഷകർക്ക് ആശങ്ക

Mail This Article
വാളയാർ ∙ കഞ്ചിക്കോട് വനയോര മേഖലയെ വിറപ്പിച്ചു വീണ്ടും കാട്ടാനക്കൂട്ടം. ചുള്ളിമട, കൊട്ടാമുട്ടി, വല്ലടി, വലിയേരി, വാധ്യാർചള്ള മേഖലയിലെത്തിയ കാട്ടനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. റെയിൽവേ ട്രാക്ക് മുറിച്ചു കടന്നു ആരോഗ്യമട മുരുകുത്തി മലയിൽ മണിക്കൂറുകളോളം ആനകൾ നിലയുറപ്പിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥ സംഘവും കാവൽ നിൽക്കേണ്ടി വന്നു. വൈകിട്ടോടെ പടക്കമെറിഞ്ഞാണ് ആനകളെ ഉൾവനത്തിലേക്കു കടത്തിയത്. അപകടകാരിയും കൊലകൊമ്പനുമായ പിടി–14 ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടമാണു ജനവാസമേഖലയിലൂടെ നീങ്ങിയത്. പിടി–14 ആനയ്ക്കു മദപ്പാടുണ്ടെന്നു സംശയമുണ്ടെന്നും ഇതു കൂടുതൽ അക്രമകാരിയായെന്നും നാട്ടുകാർ പറയുന്നു.
ഇതിനാൽ മേഖല ഭീതിയിലാണ്. കഴിഞ്ഞ ദിവസം വനമേഖലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പിടി–14 പാഞ്ഞടുത്തിരുന്നു.തലനാരിഴയ്ക്കാണു 3 ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. ഇന്നലെ എത്തിയ ആനക്കൂട്ടം വാധ്യാർചള്ള സ്വദേശി റഹീം, മുനിയാണ്ടി എന്നിവരുടെ പത്തോളം തെങ്ങും വാഴയും ചുള്ളിമട, കൊട്ടാമുട്ടി, വല്ലടി ഏക്കർ കണക്കിനു നെൽപാടവും നശിപ്പിച്ചു. വലിയേരിയിൽ തെങ്ങുകളും പച്ചക്കറി കൃഷിയും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
മലമ്പുഴ കവ ഭാഗത്തു നിലയുറപ്പിച്ചിരുന്ന 20 അംഗ കാട്ടാനക്കൂട്ടമാണു കഞ്ചിക്കോട് വല്ലടി മേഖലയിലേക്ക് എത്തിയത്.മാസങ്ങൾക്കുശേഷം കഞ്ചിക്കോട് മലയോര മേഖലയിലെ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ഒന്നാം വിളയ്ക്കൊരുങ്ങുന്ന കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. മുൻപ് ഐഐടി ക്യാംപസിനുള്ളിലും കഞ്ചിക്കോട്ടെ ജനവാസമേഖലയിലും കാട്ടാനക്കൂട്ടത്തിന്റെ ‘കലിപ്പിൽ’ വ്യാപക നാശനഷ്ടമാണുണ്ടായത്.