കൂട്ടിലടച്ച ധോണിയുടെ കണ്ണിനു ചികിത്സ തുടങ്ങി
Mail This Article
പാലക്കാട് ∙ വനംവകുപ്പ് പിടികൂടി കൂട്ടിലടച്ച ധോണി എന്ന പി.ടി.ഏഴാമൻ കാട്ടാനയുടെ ഇടതു കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടാനുള്ള ചികിത്സ തുടങ്ങി. ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഇന്നലെ ആനയുടെ കണ്ണിൽ തുള്ളിമരുന്ന് ഒഴിച്ചു തുടങ്ങി. വലതു കണ്ണും പരിശോധിച്ചു.
വലതു കണ്ണിനു കാര്യമായ പ്രശ്നങ്ങളിലെന്നാണു വിലയിരുത്തൽ. തുറസ്സായ സ്ഥലത്തു പ്രത്യേക ഇടം ഒരുക്കിയാണു ചികിത്സ. ഇതിനായി രണ്ടു ദിവസം മുൻപ് ആനയെ കൂട്ടിൽനിന്ന് ഇറക്കിയിരുന്നു. അനുസരണക്കേട് കാണിക്കാതെ ആന ചികിത്സയോടു സഹകരിക്കുന്നുണ്ട്. കണ്ണിന്റെ കോർണിയയ്ക്കു തകരാർ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണു നിഗമനം.
ഒരു മാസം നീളുന്ന ചികിത്സയിലൂടെ കാഴ്ച വീണ്ടെടുക്കാനാകുമെന്നാണു പ്രതീക്ഷ.ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു ചികിത്സ നൽകുന്നത്. ആനയെ കാട്ടിലേക്കു തിരികെ തുറന്നുവിടുന്നതിന്റെ സാധ്യത പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ആനയ്ക്കു കാഴ്ച തിരികെ കിട്ടിയശേഷം കോടതി ഇതു വീണ്ടും പരിഗണിക്കും.