ADVERTISEMENT

ദേശീയ ഗുസ്തി ചാംപ്യനായ സയ്യിദ് വടക്കൻ എന്ന വി.എ.സയ്യിദ് റിൻഷിദ് ഇബ്നു റഷീദ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയ സന്തോഷത്തിലാണ്. ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും അഭിനയിച്ച ചെല്ല അയ്യാവു സംവിധാനം ചെയ്ത ‘ഗാട്ടാ ഗുസ്തി’ എന്ന തമിഴ് ചിത്രത്തിലാണ് ഗുസ്തി മത്സരത്തിൽ ദേശീയ ചാംപ്യൻഷിപ്പിലേതു പോലെ എതിരാളിയെ മലർത്തിയടിക്കുന്ന രംഗം തകർത്തഭിനയിച്ചത്. സിനിമയിലും സ്വന്തം കായിക ഇനം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ മൂന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർഥിയായ സയ്യിദിന് ഇരട്ടി സന്തോഷം.

ഗുസ്തി പരിശീലനത്തിന്റെ തുടക്കം
ചെറുപ്പം മുതലേ ഗുസ്തി മത്സരങ്ങൾ കാണാൻ ഇഷ്ടമായിരുന്ന സയ്യിദ് മണ്ണാർക്കാട് എംഇഎസ് എച്ച്എസ്എസിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു പരിശീലനം ആരംഭിച്ചത്. അന്നു തുടങ്ങിയതാണു സ്കൂൾ മൈതാനിയിലെ പരിശീലനം. രാവിലെ 7 മുതൽ 10.30 വരെ സ്റ്റാമിന വർക്ക് ഔട്ടും വൈകിട്ട് 5 മുതൽ 8 വരെ ടെക്നിക്കൽ വർക്ക് ഔട്ടുമാണ് പരിശീലനരീതി.

ഭാരം നിലനിർത്താൻ പരിശീലനം ആവശ്യമായതിനാൽ, മുടക്കാറില്ല. 9–ാം ക്ലാസ് മുതൽ സംസ്ഥാന റെസ്‌ലിങ് ചാംപ്യൻഷിപ്പുകളിൽ വിവിധ വിഭാഗങ്ങളിൽ സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. 2022ൽ ഗുജറാത്തിൽ നടന്ന നാഷനൽ ഗെയിംസിൽ 125 കിലോ വിഭാഗത്തിലും പങ്കെടുത്തിരുന്നു. 

വിനയൻ സർ എന്ന പരിശീലകൻ
22 വർഷമായി എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനും റെസ്‌ലിങ് അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റുമായ കെ.വിനയനാണു പരിശീലകൻ. ശ്രീകൃഷ്ണപുരം തിരുവാഴിയോട് സ്വദേശിയായ വിനയൻ, പരിശീലകൻ എന്നതിനപ്പുറം നല്ല സുഹൃത്തായി കൂടെയുള്ളതാണു ദേശീയതാരമായി വളരാൻ കാരണമെന്നു സയ്യിദ് പറയുന്നു.

നേട്ടങ്ങൾ
ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ 19 (92 കിലോ) വെങ്കലം, റെസ്‍ലിങ് അമച്വർ ചാംപ്യൻഷിപ് അണ്ടർ 23 (97, 120 കിലോ) സ്വർണം, കാലിക്കറ്റ് യൂണിവേഴ്സിറ്റി റെസ്‍ലിങ് ചാംപ്യൻഷിപ്പിൽ 97 കിലോ വിഭാഗത്തിൽ സ്വർണം, സൗത്ത് ഇന്ത്യ അമച്വർ റെസ്‍ലിങ് ചാംപ്യൻഷിപ്പിൽ സിൽവർ.

സിനിമയിലേക്ക്
പേരു പോലെത്തന്നെ ഗാട്ടാ ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ചിത്രത്തിലേക്കു കേരളത്തിലെ മിടുക്കരായ ഗുസ്തി താരങ്ങളെ വേണമെന്നു സംസ്ഥാന റെസ്‌ലിങ് അസോസിയേഷനാണ് ആദ്യം അറിയിപ്പു ലഭിച്ചത്. തുടർന്നു ജില്ലാ അസോസിയേഷൻ വഴിയാണ് 22 വയസ്സുകാരനായ സയ്യിദ് സിനിമയിലേക്ക് എത്തുന്നത്. ചെറിയ ഷോട്ട് ആണെങ്കിലും ചലച്ചിത്ര താരങ്ങളോടൊപ്പമുള്ള ചെന്നൈയിലെ 4 ദിവസത്തെ ഷൂട്ടിങ് ജീവിതം മറക്കാനാകാത്ത അനുഭവങ്ങളാണു സമ്മാനിച്ചതെന്നു സയ്യിദ് പറഞ്ഞു. 

പിന്തുണ നൽകി കുടുംബവും
മകന്റെ റെസ്‌ലിങ്ങിനോടുള്ള താൽപര്യം അറിഞ്ഞതു മുതൽ അലനല്ലൂർ കർക്കിടാംകുന്ന് വടക്കൻ ഹൗസിൽ വി.എ.റഷീദ്, സി.സുഹ്റ ദമ്പതികൾ പിന്തുണയുമായി ഒപ്പമുണ്ട്. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് റഷീദ്. സഹോദരിമാരിൽ വി.എ.റിൻഷാനയ്ക്കു റെസ്‌ലിങ് കാണാൻ മാത്രമാണു താൽപര്യം.

എന്നാൽ, വി.എ.റിഫ റെസ്‌ലിങ് താരമാണ്. കോട്ടോപ്പാടം കെഎഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ റിഫ സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. കൊല്ലത്തു നടക്കാൻ പോകുന്ന അണ്ടർ 23 (125 കിലോ) സംസ്ഥാന അമച്വർ  റെസ്‌ലിങ് ചാംപ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് സയ്യിദ് വടക്കൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT