ADVERTISEMENT

പാലക്കാട് ∙ ഒന്നാംവിള നെല്ലിന്റെ സംഭരണ വിലയെത്ര ? ഏത് ബാങ്ക് വഴിയാണു വില വിതരണം ? കൃഷിക്കാർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്കു തുക ലഭ്യമാക്കുമോ ? കേന്ദ്ര താങ്ങുവില വർധന അതേ പടി സംസ്ഥാനത്തും നടപ്പാക്കുമോ ?  തുടങ്ങിയ ചോദ്യങ്ങൾക്കടക്കം ഉത്തരം തേടി കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളുമായി കർഷകർ ഇന്നു കലക്ടറേറ്റ് മാർച്ച് നടത്തും. നെല്ലു സംഭരണത്തിനും വില വിതരണത്തിനും കുറ്റമറ്റ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. കേന്ദ്ര താങ്ങുവില വർധനയടക്കം നെല്ലിന്റെ താങ്ങുവില കിലോയ്ക്കു 35 രൂപയാക്കുക, വില നൽകാൻ ബജറ്റിൽ വിഹിതം വകയിരുത്തുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നു. ഇക്കഴിഞ്ഞ രണ്ടാംവിളയിൽ അവസാനം കനറാ, എസ്ബിഐ ബാങ്കുകൾ വഴി മാത്രമാണു നെല്ലിന്റെ വില നൽകുന്നത്. 

ഈ ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്ത കൃഷിക്കാർ തുക ലഭിക്കാൻ പ്രസ്തുത ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കേണ്ടിവന്നു. മുഴുവൻ നാളികേരവും കൃഷിഭവൻ വഴി കിലോയ്ക്ക് 38 രൂപ നിരക്കിൽ സംഭരിക്കുക, മലയോര, വനയോര മേഖലകളിൽ സൗര തൂക്കുവേലികൾ സ്ഥാപിച്ചു കൃഷിയെയും കർഷകരെയും വന്യമൃഗങ്ങളിൽ നിന്നു രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചുള്ള മാർച്ച് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തു കാർഷിക അവാർഡ് ജേതാവ് തേക്കിൻചിറ സഹദേവനും തുടർന്നു കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന ധർണ ചെറുവയൽ രാമനും ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തിൽ വിവിധ കർ‍ഷക സംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്ന് രക്ഷാധികാരി കെ.ചിദംബരൻകുട്ടി, ചെയർമാൻ സി.വിജയൻ, കോ ഓർഡിനേറ്റർ സി.പ്രഭാകരൻ എന്നിവർ അറിയിച്ചു. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും ഒന്നാംവിള നെല്ലെടുപ്പു വൈകുന്ന വിധത്തിൽ സപ്ലൈകോയുടെ നടപടികൾ മന്ദഗതിയിലാണ്. റജിസ്ട്രേഷൻ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. നെല്ലെടുപ്പിന് ഇതുവരെ 4 മില്ലുകാരുമായി മാത്രമേ ധാരണയിലെത്തിയിട്ടുള്ളൂ. കൂടുതൽ മില്ലുകളുമായി ധാരണയിലെത്തിയില്ലെങ്കിൽ നെല്ലെടുപ്പു തുടക്കത്തിൽ തന്നെ പാളും. ഈ ആശങ്കയുള്ളതിനാലാണു കൃഷിക്കാർ വീണ്ടും സമരത്തിനിറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT