കർഷക സംരക്ഷണ സമിതിയുടെ കലക്ടറേറ്റ് മാർച്ചിൽ അണിനിരന്നതു നൂറുകണക്കിനു കർഷകർ
Mail This Article
പാലക്കാട് ∙ സംഭരിച്ച നെല്ലിന്റെ വില നൽകാതെ കൃഷിക്കാരെ കടക്കെണിയിലാക്കുന്നതിൽ പ്രതിഷേധിച്ചു നൂറു കണക്കിനു കർഷകർ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങളടക്കം പ്രദർശിപ്പിച്ചു നടത്തിയ മാർച്ചിൽ ട്രാക്ടറുകളും കാളവണ്ടികളും നിരന്നു. സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിലെത്തിയ ശേഷം, നെല്ലിന്റെ വില ലഭിക്കാതെ ജീവനൊടുക്കിയ അമ്പലപ്പുഴ വണ്ടാനം നീലുകാട് ചിറയിൽ കെ.ആർ.രാജപ്പന് ആദരാഞ്ജലി അർപ്പിച്ചു.
പ്രതിഷേധ യോഗം പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാജൻ ഉദ്ഘാടനം ചെയ്തു. കർഷക സംരക്ഷണ സമിതി ചെയർമാൻ സി.വിജയൻ അധ്യക്ഷനായി. കോഓർഡിനേറ്റർ സി.പ്രഭാകരൻ, രക്ഷാധികാരി കെ.ചിദംബരൻകുട്ടി, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ശിവരാജൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.വേണു, കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് സി.കേരളദാസൻ, കേരള നെൽക്കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അച്യുതൻ, ദേശീയ കർഷക സമാജം പ്രസിഡന്റ് മുതലാംതോട് മണി, ദേശീയ കർഷക സംരക്ഷണ സമിതി സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ, സമിതി വൈസ് ചെയർമാൻമാരായ കൽപനാദേവി, കെ.ശിവാനന്ദൻ, എം.അനിൽബാബു, സുരേഷ്കുമാർ ഓനൂർപള്ളം, ആർ.രാമനാഥൻ, കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.
നെല്ലു സംഭരണത്തിനും വില നൽകാനും കുറ്റമറ്റ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക, ഒന്നാം വിളയിലെ സംഭരണവില പ്രഖ്യാപിക്കുക, മുൻകാലങ്ങളിൽ കുടിശികയായ വർധനയടക്കം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 35 രൂപയാക്കുക, സംഭരണ വില നൽകാൻ ബജറ്റിൽ തുക വകയിരുത്തുക, കിലോയ്ക്ക് 38 രൂപ നിരക്കിൽ കൃഷി ഭവൻ വഴി നാളികേരം സംഭരിക്കുക, വന്യമൃഗശല്യം പ്രതിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
നെല്ലിന്റെ വില ലഭ്യത വൈകിയതിൽ പ്രതിഷേധിച്ചു കരി, നുകം, നടീൽ യന്ത്രം, വട്ടി, മുറം, കയ്ക്കോട്ട് ഉൾപ്പെടെയുള്ള കാർഷിക ഉപകരണങ്ങൾ പ്രതീകാത്മകമായി കലക്ടറേറ്റിനു മുന്നിൽ സമർപ്പിച്ചു. നെല്ലിന്റെ വില ലഭിക്കാതെ ഓണം ആഘോഷിക്കാൻ സാധിക്കാതിരിക്കുന്ന വനിതാ കർഷകർക്കും മുതിർന്ന കൃഷിക്കാർക്കും ഓണക്കോടി സമ്മാനിച്ചു. കർഷകർക്കായി ശബ്ദമുയർത്തിയ നടൻമാരായ ജയസൂര്യ, കൃഷ്ണപ്രസാദ് എന്നിവർക്കു യോഗം അഭിനന്ദനം അർപ്പിച്ചു. കർഷക പ്രതിസന്ധിയിൽ പ്രതിപക്ഷം മിണ്ടാതിരുന്നെന്ന വിമർശനവുമുയർന്നു.
കർഷകർക്കു ശമ്പളം ഉറപ്പാക്കണം: ചെറുവയൽ രാമൻ
ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകർക്കു കൃഷിഭൂമിക്ക് അനുസൃതമായി ശമ്പളമോ ഓണറേറിയമോ നൽകണമെന്നു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമൻ പറഞ്ഞു. കാർഷിക ഉൽപന്നങ്ങൾക്കു ചുരുങ്ങിയത് 5 വർഷത്തേക്കു വില സ്ഥിരത ഉറപ്പാക്കണം. എന്നാലേ കൃഷി നിലനിർത്താനാകൂ.
‘‘പത്താം വയസ്സിൽ പാടത്തിറങ്ങിയതാണ്. ഇപ്പോൾ 74ാം വയസ്സിലും കൃഷിയിടത്തിലാണ്. ഇതിനിടെ 59 പൈതൃക നെൽവിത്തുകൾ സംരക്ഷിക്കാനായി. നെല്ലിന്റെ വില സമയത്തു നൽകണം. വൈദ്യുതി ബില്ലടയ്ക്കാനും ചികിത്സ, മക്കളുടെ പഠനം, കല്യാണം എന്നിവയ്ക്കും നെല്ലിന്റെ വില കിട്ടട്ടേ എന്നു പറഞ്ഞിരിക്കാനാകില്ല. കേരളം പറയുന്നു കേന്ദ്രം തുക തരാനുണ്ടെന്ന്. കേന്ദ്രം പറയുന്നു കേരളം കണക്കു നൽകിയിട്ടില്ലെന്ന്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഇതിനിടെ വില കിട്ടാതെ കഷ്ടത്തിലാകുന്നതു കർഷകരാണ്. കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണം. ആരെയും അട്ടിമറിക്കാനല്ല ഇത്തരം സമരങ്ങൾ. കൃഷിക്കാരന്റെ കണ്ണീരാണിത്. അവരുടെ സങ്കടം ബോധിപ്പിക്കുന്നതാണ്. ഇതു കണ്ടില്ലെന്നു നടക്കുന്നതു കണ്ണിൽച്ചോരയില്ലാത്ത രീതിയാണ്. അതു പാടില്ല. കൃഷിക്കാർ ഭക്ഷ്യോൽപാദകർ മാത്രമല്ല, പ്രകൃതി സംരക്ഷകർ കൂടിയാണ്. ഇതൊക്കെ നാടും നാട്ടുകാരും ഭരണാധികാരികളും മനസ്സിലാക്കണം’’– ചെറുവയൽ രാമൻ പറഞ്ഞു.