സംസ്ഥാനത്തെ ‘മാതൃകാ റോഡ്’ വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധം

Mail This Article
പാലക്കാട് ∙ കുളപ്പുള്ളി– പാലക്കാട് റോഡിൽ മങ്കര ഭാഗത്തു ശുദ്ധജല പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. ഗുണനിലവാരത്തിൽ സംസ്ഥാനത്തിനു തന്നെ മാതൃകയായി ഹൈക്കോടതി ചൂണ്ടിക്കാണിച്ച റോഡാണു പൊളിച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നു. അതേസമയം, ജലജീവൻ മിഷൻ നടപ്പാക്കുന്ന സമഗ്ര ശുദ്ധജല പദ്ധതിയുടെ ഭാഗമായാണു റോഡ് പൊളിച്ചതെന്നും പൈപ്പ് ഇട്ടശേഷം റോഡ് നന്നാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതായും മങ്കര പഞ്ചായത്ത് അധ്യക്ഷൻ എം.എൻ.ഗോകുൽദാസ് അറിയിച്ചു. മങ്കര കണ്ണമ്പരിയാരത്താണു റോഡിന്റെ ഒരുവശം വെട്ടിപ്പൊളിച്ചത്. ഭാരതപ്പുഴയിൽനിന്നു ജലം പമ്പ് ചെയ്തു കല്ലൂർ, മാങ്കുറിശ്ശി ഉൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾക്കു ശുദ്ധജലം എത്തിക്കാനാണു പദ്ധതി.
കണ്ണമ്പരിയാരത്തു ചാൽ എടുത്ത ഇടങ്ങളിലെ മണ്ണ് മഴയിൽ കുത്തിയൊലിച്ചു റോഡിലിറങ്ങി മൺകൂന രൂപപ്പെട്ടതു വാഹനാപകടത്തിനു കാരണമാകുന്നുണ്ട്. ഇതിൽ തട്ടി ഇരുചക്ര വാഹനയാത്രക്കാർക്കു പരുക്കേൽക്കുന്നതു പതിവാണെന്നു നാട്ടുകാർ പറഞ്ഞു. വലിയ വാഹനങ്ങൾക്കും തടസ്സമുണ്ടാകുന്നുണ്ട്. ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ നേതൃത്വത്തിൽ മലേഷ്യൻ കമ്പനി 2006ലാണു പാലക്കാട്–കുളപ്പുള്ളി റോഡ് നിർമാണം പൂർത്തിയാക്കിയത്. 80% പ്രവൃത്തികളും രാജ്യാന്തര നിലവാരത്തിൽ മലേഷ്യൻ കമ്പനിയാണു പൂർത്തിയാക്കിയത്.15 വർഷം ഗാരന്റി നൽകിയ റോഡിനു 17 വർഷം കഴിഞ്ഞിട്ടും കോട്ടം സംഭവിക്കാത്തതിനാൽ ഹൈക്കോടതി ഈ റോഡിനെ മാതൃകയാക്കി ചൂണ്ടിക്കാട്ടിയിരുന്നു.