‘സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പ്രതിസന്ധി പരിഹരിക്കും’
Mail This Article
ചിറ്റിലഞ്ചേരി∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണം നൽകുന്നതിൽ ചില കുറവുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനുള്ള ഫണ്ട് 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണു വഹിക്കുന്നത്. കേന്ദ്രഫണ്ട് ലഭിക്കാത്തതിലെ പ്രശ്നമാണ് ഇപ്പോൾ ഉള്ളത്. അതിനു പരിഹാരം കാണുമെന്ന പ്രതീക്ഷയാണുള്ളത്. സ്കൂൾ വിദ്യാഭ്യാസത്തിൽ സ്പോർട്സ് ആഡംബരമല്ലെന്നും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വളർച്ചയ്ക്ക് കളിക്കളങ്ങൾ അത്യാവശ്യമാണ്.
കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കായിക യുവജന കാര്യാലയം ഡപ്യൂട്ടി ഡയറക്ടർ ടി.ആർ.ജയചന്ദ്രൻ, മേലാർകോട് പഞ്ചായത്ത് അധ്യക്ഷ ടി.വത്സല, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സി.ലീലാമണി, ജില്ലാ പഞ്ചായത്തംഗം വി.രജനി, പഞ്ചായത്ത് ഉപാധ്യക്ഷൻ ഐ.മൻസൂർ അലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.പ്രേമലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജ്ന ഹസ്സൻ, പഞ്ചായത്തംഗങ്ങളായ സി.മുരളീധരൻ, കെ.വി.കണ്ണൻ, ഡിഡിഇ പി.വി.മനോജ്കുമാർ, പിടിഎ പ്രസിഡന്റ് കെ.ഗംഗാധരൻ, മാനേജർ എം.എൻ.ബാലസുബ്രഹ്മണ്യൻ, ആർ.വേണു, പി.വൈ.ഷാജഹാൻ, എ.പി.എം.മുഹമ്മദ് അഷറഫ്, പ്രധാനാധ്യാപകൻ എം.അരവിന്ദ്, പ്രിൻസിപ്പൽ കെ.ബബിത എന്നിവർ പ്രസംഗിച്ചു. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2.13 കോടി രൂപ ചെലവഴിച്ചാണു സ്റ്റേഡിയം നിർമിച്ചത്.