ഓണം ബംപർ: വിറ്റത് 10,000 ടിക്കറ്റുകൾ, വാളയാറിൽ ഹീറോ ആയി ഗുരുസ്വാമി
Mail This Article
വാളയാർ ∙ ഓണം ബംപർ ഫലം പ്രഖ്യാപനത്തിനു പിന്നാലെ വാളയാറിൽ അടങ്ങാത്ത ആരവവും ആഘോഷവുമാണ്. ഫലം അറിഞ്ഞതു മുതൽ വാദ്യമേളവും മധുര വിതരണവുമായി ഉത്സവാന്തരീക്ഷത്തിലായിരുന്നു വാളയാർ. സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയ ഗുരുസ്വാമിയുടെ കട സന്ദർശിക്കാനും ഒട്ടേറെപ്പേരെത്തി.
തിരുച്ചെന്തൂർ സ്വദേശിയായ ഗുരുസ്വാമി നിലവിൽ വാളയാർ ചന്ദ്രാപുരത്തു സ്ഥിരം താമസക്കാരനാണ്. 20 വർഷത്തോളമായി വാളയാർ ഡാം റോഡിൽ ലോട്ടറിക്കട നടത്തുന്നുണ്ട്. ഇതിനു മുൻപ് കാരുണ്യ, വിൻ വിൻ ലോട്ടറികളിലെ ഒന്നാം സമ്മാനം ഇവിടെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം ബംപറിലും ചെറിയ സമ്മാനങ്ങളുണ്ടായിരുന്നു. ദിവസേന 6000–7000 ടിക്കറ്റ് വരെ ഗുരുസ്വാമിയുടെ കടയിൽനിന്നു വിറ്റുപോകാറുണ്ട്.
കഴിഞ്ഞ വർഷം 6000 ഓണം ബംപർ ടിക്കറ്റ് വിറ്റപ്പോൾ ഇക്കുറി അതു 10,000 ആയി വർധിച്ചു. വാളയാറിൽ ആകെ ചെറുതും വലുതുമായ 55 ലോട്ടറിക്കടകളുണ്ട്. ഇതിനു പുറമേ ചില്ലറ വിൽപനക്കാരായി ഇരുപതോളം പേരും ഇവിടെയുണ്ട്. ഇവരെല്ലാവരും കൂടി ഒന്നര ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വാളയാറിൽ നിന്നു മാത്രം വിറ്റതെന്നാണു ലോട്ടറി തൊഴിലാളികളുടെ സംഘടന അവകാശപ്പെടുന്നത്.
ദിവസേന ഒരു ലക്ഷത്തോളം ടിക്കറ്റുകൾ വാളയാർ അതിർത്തിയിൽ നിന്നു മാത്രം വിറ്റുപോകാറുണ്ട്. ഇതര സംസ്ഥാനക്കാരായ ലോറി ജീവനക്കാരും യാത്രക്കാരും സ്ഥിരമായി ടിക്കറ്റ് വാങ്ങാറുണ്ട്. തമിഴ്നാട്ടിൽ നിന്നു ടിക്കറ്റ് വാങ്ങാൻ വേണ്ടി മാത്രം എത്തുന്നവരുണ്ടെന്നും ലോട്ടറി കടക്കാർ പറയുന്നു. ഇന്നലെ ഫലം അറിഞ്ഞതു മുതൽ തുടങ്ങിയ ആഘോഷം ഇനിയും നിലച്ചിട്ടില്ല. ഇതോടൊപ്പം ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പിലുമാണ് ഇവർ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local