കുഴിയിൽ വീണ കാർ ആക്സിൽ ഒടിഞ്ഞ് 6 മണിക്കൂർ റോഡിൽ

Mail This Article
ഒറ്റപ്പാലം∙ സെൻഗുപ്ത റോഡിലെ കുഴിയിൽ ചാടിയ കാർ, ആക്സിൽ പൊട്ടി 6 മണിക്കൂറോളം വഴിയിൽ കിടപ്പായി. കുഴികൾക്കു പുറമേ, വീതിക്കുറവുമുള്ള റോഡിലുണ്ടായ തടസ്സം മൂലം വാഹനഗതാഗതം മന്ദഗതിയിലുമായി. ഇന്നലെ രാവിലെയാണ് എറണാകുളത്തുനിന്നു വന്നിരുന്ന കാർ കുഴിയിൽ ചാടിയത്. സ്ഥിരമായി ഈ റോഡിലൂടെ പോകുന്ന വാഹനയാത്രികര്‍ക്കു സുപരിചിതവും അപരിചിതർക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്തതുമായ കെണിയിലാണു കാര്‍ വീണത്.
ആക്സിൽ ഒടിഞ്ഞതോടെ കാർ മുന്നോട്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലായി. സഹായിക്കാനെത്തിയ യുവാക്കളുടെ ശ്രമദാനത്തില്‍ കാർ തള്ളി നീക്കിയാണു റോഡിലുണ്ടായ തടസ്സം ഭാഗികമായെങ്കിലും ഒഴിവാക്കിയത്. ഗതാഗത നിയന്ത്രണത്തിനു പൊലീസും സ്ഥലത്തെത്തിയിരുന്നു. നഗരസഭയുടെ അധീനതയിലുള്ള റോഡാണിത്. ഒറ്റപ്പാലം ടൗണിൽ വർഷങ്ങളായി നിലനിൽക്കുന്ന ‘വൺവേ’ സംവിധാനത്തിന്റെ ഭാഗമായി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലക്കാട്-കുളപ്പുള്ളി പാതയിൽ നിന്നു ചെർപ്പുളശ്ശേരി റോഡിലേക്കു പ്രവേശിപ്പിക്കുന്നത് ഈ റോഡിലൂടെയാണ്.
ഇത്, ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുള്ള റോഡുമാണ്. ചെർപ്പുളശ്ശേരി റോഡിൽനിന്നു (ടിബി റോഡ്) തിരിഞ്ഞ്, സെന്‍ഗുപ്ത റോഡിലൂടെ പോകുന്ന വാഹനങ്ങൾ പാലക്കാട് പാതയിലേക്കു തിരിയുന്ന ഭാഗത്ത് അപകടകരമായ കുഴി രൂപപ്പെട്ടു കിടക്കുന്നതു കഴിഞ്ഞദിവസം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
അതേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന മറ്റു കുഴികളിലൊന്നാണ് ഇന്നലെ സ്വകാര്യ വ്യക്തിയുടെ കാറിന്റെ ആക്സിലൊടിച്ചു വഴിയില്‍ കിടത്തിയത്. ഇന്നലെ കാറിനെ വീഴ്ത്തിയ കുഴിയിൽ ഇതിനു മുൻപും ഒട്ടേറെ വാഹനങ്ങൾ വീണിട്ടുണ്ടെന്നാണു പരിസരവാസികളുടെ സാക്ഷ്യം. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. രാത്രി സമയങ്ങളിലാണ് ഇത്തരം അപകടങ്ങൾ ഇവിടെ സംഭവിക്കാറുള്ളത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local