കിടക്ക നിർമാണ കമ്പനിയിൽ തീപിടിത്തം; 3.40 കോടി രൂപയുടെ നഷ്ടം

Mail This Article
ചിറ്റൂർ ∙ ഗോപാലപുരത്തെ കിടക്ക നിർമാണ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ 3.40 കോടി രൂപയുടെ നഷ്ടം. ഇന്നലെ പുലർച്ചെ ഒന്നോടെയാണു തീപിടിത്തമുണ്ടായത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്തായിരുന്നു അഗ്നിബാധ. ചിറ്റൂർ, കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി 5 യൂണിറ്റ് അഗ്നിരക്ഷാസേനാ വാഹനങ്ങളെത്തി 9 മണിക്കൂറോളം ശ്രമിച്ചാണു തീ അണച്ചത്. ആർക്കും പരുക്കില്ല.

കിടക്ക നിർമാണത്തിനു പയോഗിക്കുന്ന സ്പോഞ്ച്, പഞ്ഞി, കയർ, റബർ പാൽ, യന്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. ഇരുമ്പു ഷീറ്റ് കൊണ്ടു നിർമിച്ച മേൽക്കൂരയും അതിനു മുകളിലായി സ്ഥാപിച്ച സോളർ സംവിധാനവും ഉൾപ്പെടെ ഒരു പ്ലാന്റ് പൂർണമായും അഗ്നിക്കിരയായി. 30 വർഷമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ആറാം തവണയാണു തീപിടിത്തം ഉണ്ടാവുന്നത്.
ചിറ്റൂർ അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് ഓഫിസർ ജെയ്സൺ ഹിലാരിയോസ്, കഞ്ചിക്കോട് സ്റ്റേഷൻ ഓഫിസർ കെ.രാജീവ്, പാലക്കാട് സ്റ്റേഷൻ അസിസ്റ്റന്റ് ഓഫിസർ ടി.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 30 അഗ്നിരക്ഷാ സേനാംഗങ്ങളാണു രക്ഷാപ്രവർത്തനം നടത്തിയത്. 5 വാഹനങ്ങൾ 5 തവണ പുറത്തു നിന്നു വെള്ളമെത്തിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. കൊഴിഞ്ഞാമ്പാറ പൊലീസും സ്ഥലത്തെത്തിയിരുന്നു.