ADVERTISEMENT

പാലക്കാട് ∙ ഓട്ടിസം ബാധിച്ച മകളുമായി പേടിക്കാതെ അന്തിയുറങ്ങണമെന്ന ആഗ്രഹം മാത്രമാണു പാലക്കാട് സ്വദേശികളായ അക്ബർ അലിക്കും കൗലത്തിനുമുള്ളത്. മകളുടെ രോഗാവസ്ഥ കാരണം ഇവരെ 11 വാടക വീടുകളിൽ നിന്ന് ഇറക്കിവിട്ടു. പണി പൂർത്തിയാകാത്ത മാങ്കാവിലെ അക്ബർ അലിയുടെ സഹോദരന്റെ വീട്ടിലാണു കുടുംബം ഇപ്പോൾ താമസിക്കുന്നത്. 25 വയസ്സുകാരി മകൾ ദൽഫ രാത്രിയിൽ ബഹളം ഉണ്ടാക്കുന്നു എന്നതിനാൽ അയൽക്കാരുടെ പരാതിയെ തുടർന്നാണ് ഇവർക്കു വീടുകൾ മാറേണ്ടി വരുന്നത്. അക്ബർ അലി കൂലിപ്പണി ചെയ്താണു കുടുംബം പുലർത്തുന്നത്.

മകളുടെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കും പണം കണ്ടെത്താൻ കഷ്ടപ്പെടുന്നതിനിടയിലാണ്, പണം കൊടുത്താലും വാടക വീടു പോലും ലഭിക്കാതെ കുടുംബം ബുദ്ധിമുട്ടുന്നത്. മകളെ നോക്കേണ്ടതിനാൽ കൗലത്തിനു പണിക്കു പോകാൻ കഴിയില്ല. ദൽഫയ്ക്ക് അപസ്മാരം കൂടി ഉള്ളതിനാൽ മിക്കപ്പോഴും ആശുപത്രിയിലും പോകേണ്ടി വരും. ഈ ദിവസങ്ങളിൽ കൂലിപ്പണിക്കു പോകാനും അക്ബർ അലിക്കു കഴിയില്ല. സർക്കാർ നൽകുന്ന ആശ്വാസകിരണം പെൻഷൻ ആശ്വാസമാണെങ്കിലും ഇത് ഇടയ്ക്കിടെ മുടങ്ങുന്നതും തിരിച്ചടിയാണ്.

നാട്ടുകാരുടെ സഹായത്തോടെ ഇവർ ആണ്ടിമഠത്ത് 3 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ പല തവണ അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. മകളുമായി പേടിക്കാതെ അന്തിയുറങ്ങാൻ സന്മനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. എസ്ബിഐയുടെ വിക്ടോറിയ കോളജ് റോഡിലുള്ള ശാഖയിലാണ് ബാങ്ക് അക്കൗണ്ട്. അക്കൗണ്ട് നമ്പർ : 32251780304, ഐഎഫ്എസ്‌സി SBIN 0012886

കാഴ്ചയില്ലാത്ത സഹോദരനെ തനിച്ചാക്കി നാരായണൻ ‘പോയി’, ഉദാരമതികളുടെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ വേർപാട്

നാരായണൻ.
നാരായണൻ.

പറളി ∙ കാഴ്ചയില്ലാത്ത സഹോദരനെ തനിച്ചാക്കി പി.വി.നാരായണൻ (62) യാത്രയായി. ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് പറളി ഗ്രാമം സുബ്രഹ്മണ്യ നിലയത്തിൽ നാരായണന്റെ മരണം സംഭവിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ജന്മനാ കഴ്ചയില്ലാത്ത സഹോദരൻ സുബ്രഹ്മണ്യനെ പരിപാലിച്ചിരുന്നത് നാരായണനായിരുന്നു. എല്ലാമായിരുന്ന സഹോദരന്റെ മരണം സുബ്രഹ്മണ്യനു തീരാനഷ്ടമാണ്. ആഹാരം പാകംചെയ്തിരുന്നതും സുബ്രഹ്മണ്യനെ പുറത്തേക്കു കൊണ്ടുപോയിരുന്നതും നാരായണനാണ്.

ക്ഷേമപെൻഷൻ മാത്രമായിരുന്നു ഇരുവരുടെയും ഉപജീവന മാർഗം. പ്രമേഹരോഗിയായ നാരായണൻ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം വീണ് തോളെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പിലായതോടെ ചികിത്സയ്ക്കു കാരുണ്യമതികളുടെ സഹായം തേടി മനോരമ വാർത്ത നൽകിയിരുന്നു. തുടർന്ന് പാലക്കാട് തങ്കം ആശുപത്രിയിലെ ഡോ. ഉണ്ണിത്താന്റെ നേതൃത്വത്തിൽ നാരായണനു സൗജന്യ ചികിത്സ നൽകി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

10 ദിവസത്തോളം ആശുപത്രിയിലും തുടർന്ന് വീട്ടിലും ചികിത്സയ്ക്കുള്ള സൗകര്യം ഡോക്ടർ ചെയ്തിരുന്നു. മറ്റു ഉദാരമതികളും സഹായം നൽകിയിരുന്നു. ഗ്രാമം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിനു മുൻവശത്താണ് നാരായണന്റെ വീട്. ഒരാഴ്ച നീണ്ട ഉത്സവം സമാപിച്ചതിനു പിന്നാലെയാണ് നാരായണന്റെ വിയോഗ വാർത്ത എത്തിയത്. ഗ്രാമം ശ്മശാനത്തിൽ സംസ്കാരം നടത്തി. സഹോദരി പരേതയായ വിജയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT