വാളയാർ ചെക്പോസ്റ്റിൽ വീണ്ടും കൈക്കൂലി പിടിച്ചു
Mail This Article
വാളയാർ/ചിറ്റൂർ ∙ മോട്ടർ വാഹന വകുപ്പിന്റെ വാളയാർ ഇൻ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ, കൈക്കൂലിയായി പിരിച്ചെടുത്തു പെഡസ്റ്റൽ ഫാനിനു താഴെ ഒളിപ്പിച്ചു സൂക്ഷിച്ച 3,100 രൂപ പിടികൂടി. വാളയാർ ഇൻ ചെക്പോസ്റ്റിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ ഇതു നാലാം തവണയാണു വിജിലൻസ് പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടുന്നത്. ഒരു എംവിഐയും 3 എഎംവിഐമാരും ഒരു ഓഫിസ് അസിസ്റ്റന്റുമാണു ചെക്പോസ്റ്റിലുണ്ടായിരുന്നത്. മാമൂലായി പിരിച്ചെടുത്ത പണം പേപ്പറിൽ പൊതിഞ്ഞു ഫാനിനു താഴെയാണ് ഒളിപ്പിച്ചിരുന്നത്.
തുടർന്നു മേനോൻപാറ, ഒഴലപ്പതി, പന്നിയങ്കര ടോൾ പ്ലാസ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയെത്തിയ 10 ലോറികൾ പിടികൂടി. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ടീമിനു കേസ് കൈമാറി ഇവരിൽ നിന്നു 4 ലക്ഷം രൂപ പിഴ ഈടാക്കി. ചെക്പോസ്റ്റിൽ കൈക്കൂലി നൽകിയാണു ലോറികൾ കടന്നെത്തിയതെന്നും ഇതിലൂടെ സർക്കാർ ഖജനാവിലേക്കു പ്രതിദിനം ലക്ഷങ്ങളുടെ നികുതി നഷ്ടമുണ്ടാകുന്നെന്നും വിജിലൻസ് പറയുന്നു.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ആരംഭിച്ച പരിശോധന രാവിലെ ഒൻപതോടെയാണ് അവസാനിച്ചത്. ഇൻസ്പെക്ടർമാരായ എസ്.പി.സുജിത്ത്, ഫിലിപ്പ് സാം, എസ്ഐമാരായ ബി.സുരേന്ദ്രൻ, കെ.മനോജ്കുമാർ, ഉദ്യോഗസ്ഥരായ പി.ആർ.രമേശ്, പി.സതീഷ്, എസ്.സൈലേഷ്, കെ.പ്രമോദ്, ഡ്രൈവർ സി.ബ്രീസ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ കെ.ബാബു, ഗിരീഷ്കുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
വിജിലൻസ് സംഘം മടങ്ങിയാൽ ഉടൻ വീണ്ടും പിരിവ്
പിടികൂടിയ കൈക്കൂലിയുമായി വിജിലൻസ് സംഘം മടങ്ങിയാൽ ഉടൻ ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ വീണ്ടും കൈക്കൂലി പിരിവു തുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഉടൻ റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ. സേവനങ്ങൾ ഓൺ ലൈനാക്കിയിട്ടും പണം ചോദിച്ചു വാങ്ങിക്കുന്നെന്നാണു ലോറി ജീവനക്കാരുടെ സംഘടനയുടെ പരാതി. ചെക്പോസ്റ്റിലെ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം വകുപ്പിനെ മുഴുവൻ നാണക്കേടിലാക്കുന്നെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local