നാട്ടുകാർ ഒന്നിച്ചൊഴുകിയെത്തി; സ്കൂളിലെ വെള്ളക്കെട്ടു നീക്കി

Mail This Article
പാലക്കയം ∙ നാട്ടുകാർ ഒരുമിച്ചതോടെ സ്കൂളിലെ വെള്ളക്കെട്ടു മണിക്കൂറുകൾക്കുള്ളിൽ ഇല്ലാതാക്കി. ഉരുൾപൊട്ടലിനെ തുടർന്നു പുഴ കരകവിഞ്ഞതോടെ പാലക്കയം കാർമൽ ഹൈസ്കൂളിൽ ഒരു മീറ്ററോളം ഉയരത്തിലാണു വെള്ളം കയറിയത്. നാട്ടുകാരും മണ്ണാർക്കാട്ടെ ടീം വെൽഫെയർ അംഗങ്ങളും ചുമട്ടുതൊഴിലാളികളും സ്കൂൾ ജീവനക്കാരും ചേർന്നു വെള്ളവും ചെളിയും നീക്കം ചെയ്തു.സ്കൂൾ കെട്ടിടങ്ങളുടെ താഴെ നിലയിലുള്ള 24 മുറികളിൽ മൂന്നടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു.
മുറികളിൽ ഉപകരണങ്ങളും മറ്റും ഒഴുകി നടക്കുന്ന അവസ്ഥയായിരുന്നു. ചെളിക്കെട്ടും നിറഞ്ഞു. സ്കൂളിന് അവധി നൽകിയ ശേഷമായിരുന്നു മണിക്കൂറുകൾ നീണ്ട ശുചീകരണം. ബക്കറ്റുകൾ ഉപയോഗിച്ചു വെള്ളം തേവിക്കളഞ്ഞു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സ്കൂൾ ശുചിയാക്കി. എൽകെജി, യുകെജി മുതൽ ഹൈസ്കൂൾ വരെ ആയിരത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 2018ലും സ്കൂളിൽ വെള്ളം കയറിയിരുന്നു.