ഇങ്ങനെ പോയാൽ സർക്കാർ ആശുപത്രികളിൽ മുട്ടയും പാലും മുടങ്ങും?

Mail This Article
പാലക്കാട് ∙ ആരോഗ്യവകുപ്പിൽ നിന്നുള്ള ഫണ്ട് ഇനിയും വൈകിയാൽ സർക്കാർ ആശുപത്രികളിൽ കിടപ്പുരോഗികൾക്കുള്ള പാൽ, മുട്ട വിതരണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക.പല ആശുപത്രികളും നിലവിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്നുള്ള തുകയെടുത്താണു രോഗികൾക്കുള്ള പാൽ, മുട്ട, ബ്രഡ്, ബിസ്കറ്റ് എന്നിവ വിതരണം ചെയ്യുന്നത്.
കിടത്തിച്ചികിത്സയുള്ള താലൂക്ക്, ജില്ലാ ആശുപത്രികളിലാണു രോഗികൾക്കു പോഷകാഹാരം ലഭ്യമാക്കുന്നത്. സർക്കാർ അനുവദിച്ച ഫണ്ട് തീർന്നാൽ എച്ച്എംസിയിൽ തുക കണ്ടെത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതാണു പതിവ്.പിന്നീട് സർക്കാർ ഫണ്ട് അനുവദിക്കുമ്പോൾ ഈ തുക തിരിച്ചടയ്ക്കും. ഇക്കഴിഞ്ഞ മാർച്ചിനു ശേഷം ആരോഗ്യവകുപ്പിൽ നിന്നുള്ള ഫണ്ട് പതിവിലേറെ വൈകുന്നതാണു പദ്ധതിയെ ബാധിക്കുന്നത്.ജില്ലാ ആശുപത്രികളിലുൾപ്പെടെ വൻതുക ഈയിനത്തിൽ കണ്ടെത്തേണ്ടിവരുന്നുണ്ട്.