വ്യാജ സൈറ്റിൽ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തു, നഷ്ടപ്പെട്ടത് 1.75 ലക്ഷം രൂപ

Mail This Article
പുതുനഗരം ∙ വ്യാജ സൈറ്റിൽ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്ത പെരുവെമ്പ് സ്വദേശിക്ക് 1.75 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. 2021ൽ 1947 രൂപ കൊടുത്തു സ്കൂട്ടർ ബുക്ക് ചെയ്തു. ഈ വർഷം ജൂൺ 24നു പണം അടച്ചാൽ സ്കൂട്ടർ എത്തിക്കാമെന്നു ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനു ശേഷം പെരുവെമ്പ് സ്വദേശിയുടെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നു പലതവണയായി ജൂലൈ 5നുള്ളിൽ 1,75,607 രൂപ ഓൺലൈൻ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് എന്നു പറഞ്ഞു വിളിച്ചയാളിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. രണ്ടു ദിവസത്തിനകം ഇലക്ട്രിക് സ്കൂട്ടർ എത്തിച്ചു കൊടുക്കാമെന്നായിരുന്നു ഇവരെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് അറിയിച്ചിരുന്നത്.
എന്നാൽ, യഥാസമയം സ്കൂട്ടർ എത്താത്തതിനെ തുടർന്നു പൊലീസിന്റെ പാലക്കാട്ടെ സൈബർ സെല്ലിൽ പരാതി നൽകി. അതിനു ശേഷവും എത്തിക്കാൻ വൈകിയെന്നും ചെറിയ തുക കൂടി നൽകിയാൽ സ്കൂട്ടർ എത്തിക്കാമെന്നും പറഞ്ഞുള്ള വിളി വന്നിരുന്നതായി പെരുവെമ്പ് സ്വദേശി പറഞ്ഞു. പണം നൽകിയ ഭാര്യയുടെ പരാതിയിൽ പുതുനഗരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവരെ വിളിച്ചിട്ടുള്ള നമ്പർ ഉത്തരേന്ത്യയിൽ നിന്നുള്ളതാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആ വിലാസവും വ്യാജമാകാനുള്ള സാധ്യത ഏറെയാണ് എന്നും അധികൃതർ പറഞ്ഞു. വ്യാജ വെബ് സൈറ്റുകളിൽ നൽകുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നു പൊലീസ് പറയുന്നു.