ഇവിടെയുണ്ട്, ആദ്യ ഏഷ്യൻ ഗെയിംസ് ഓർമകളുടെ അമൂല്യ ശേഖരം

Mail This Article
പാലക്കാട് ∙ ചൈനയിലെ ഹാങ്ചോയിൽ ഏഷ്യൻ ഗെയിംസ് മുന്നേറുമ്പോൾ, തന്റെ ശേഖരത്തിലെ അപൂർവ സ്റ്റാംപുകളിലൂടെയും പ്രഥമദിന കവറിലൂടെയും ഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിന്റെ ഓർമളിലേക്കു കായിക പ്രേമികളെ കൊണ്ടുപോവുകയാണ് പാലക്കാട് കല്ലൂർ സ്വദേശി പി.തങ്കപ്പൻ. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിലെ സീനിയർ സൂപ്രണ്ടായ അദ്ദേഹം ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തിയാണ് വൈവിധ്യമാർന്ന സ്റ്റാംപുകളും നാണയങ്ങളും കണ്ടെത്തി തന്റെ ശേഖരത്തിലേക്കു കൂട്ടിച്ചേർക്കുന്നത്.
1951 മാർച്ച് 4നു ഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിന്റെ ഓർമയ്ക്കായി 72 വർഷം മുൻപു തപാൽ വകുപ്പു പുറത്തിറക്കിയ പന്ത്രണ്ട് അണയുടെയും രണ്ട് അണയുടെയും സ്റ്റാംപുകളും പ്രഥമദിന കവറും ഇദ്ദേഹത്തിന്റെ അമൂല്യ ശേഖരത്തിലുണ്ട്. ഡൽഹിൽ നിന്നുതന്നെയാണ് ഇവ സ്വന്തമാക്കിയത്.
വിവിധ കാലഘട്ടങ്ങളിലെ ഒളിംപിക്സിന്റെയും മഹാത്മാഗാന്ധി, നെഹ്റു തുടങ്ങി ലോകോത്തര നേതാക്കളുടെയും രാജ്യാന്തര തലത്തിൽ ഇറങ്ങിയിട്ടുള്ള സ്റ്റാംപുകളും ശേഖരത്തിലുണ്ട്. തങ്കപ്പനു നാലു പതിറ്റാണ്ടിലേറെ കാലമായുള്ള വിനോദമാണ് ഈ ശേഖരം. ജില്ലാതല സ്കൂൾ മേളകളുടെ നോഡൽ ഓഫിസർ കൂടിയായ ഇദ്ദേഹം കലക്ടറേറ്റിൽ ഉൾപ്പെടെ ഫിലാറ്റലിക് പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local