ADVERTISEMENT

കൊടുമ്പ് ∙ കാണാതായ യുവാക്കൾക്കായി നാടു മുഴുവൻ തിരയുന്നതിനിടെയാണ്, പാൽനീരി കോളനിക്കു സമീപത്തെ നെൽപ്പാടത്ത് 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വിവരം പ്രദേശവാസികൾ അറിയുന്നത്. യുവാക്കൾക്കായി നടത്തുന്ന തിരച്ചിലിനിടെയാണു സ്ഥലത്തു മണ്ണിളകിക്കിടക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. ചുറ്റും രക്തം തളംകെട്ടി നിന്നിരുന്നു. മണ്ണുനീക്കി മൃതദേഹങ്ങൾ കണ്ടെത്തുമ്പോഴേക്കു നേരം ഇരുട്ടിയതിനാൽ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതിയായി. ഈ സമയമത്രയും സ്ഥലമുടമ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു.

മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യംചെയ്യലിൽ, മൊഴിയിൽ വൈരുധ്യം കണ്ടെത്തിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പരിസരത്തു ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി. കസബ, ടൗൺ സൗത്ത് പൊലീസും സ്ഥലത്തുണ്ട്. മൃതദേഹങ്ങൾ ഇന്നു രാവിലെ പുറത്തെടുക്കും.

വീണ്ടും ജീവനെടുത്ത്‌ വൈദ്യുതിക്കെണി
പാലക്കാട് ∙ വന്യമൃഗശല്യം പ്രതിരോധിക്കാൻ സ്ഥാപിക്കുന്ന കെണികളിൽ കുരുങ്ങി വീണ്ടും ജീവനുകൾ പൊലിയുന്നു. പലരും ലൈനിൽനിന്നു നേരിട്ടു വൈദ്യുതി കടത്തിവിടുകയാണു ചെയ്യുന്നത്. വൈദ്യുതിക്കുടുക്ക് ഉണ്ടെന്ന് അറിയാതെ എത്തുന്നവർ ദുരന്തത്തിന് ഇരയാകുന്നു. കുറഞ്ഞ കാലത്തിനിടെ ജില്ലയിൽ 7 പേരാണ് ഇത്തരം കെണിയിൽ കുടുങ്ങി മരിച്ചത്.

palakkad-police
യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ കുഴിയും പരിസരവും പൊലീസ് പരിശോധിക്കുന്നു.

2022 മേയ് 18നു രാത്രി കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചതു മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയൻ ക്യാംപിലെ 2 പൊലീസ് ഉദ്യോഗസ്ഥരാണ്. ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ എം.അശോക്‌കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ മോഹൻദാസ് (36) എന്നിവരാണു മരിച്ചത്.

മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിന്റെ ചുറ്റുമതിലി‍ൽ നിന്ന് 200 മീറ്റർ അകലെ പാടശേഖരത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കെണിവച്ച സ്ഥലമുടമ മുട്ടിക്കുളങ്ങര തോട്ടക്കര സുരേഷ് (49) ആണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ സഹായി തോട്ടക്കര സ്വദേശി സജി (42) ഉൾപ്പെടെ 3 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (3) കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. പുതുമഴയിൽ മീൻ പിടിക്കാനായി പൊലീസ് ഉദ്യോഗസ്ഥർ ക്യാംപിന്റെ മതിൽ കടന്ന് ഇതുവഴി പാടത്തേക്ക് ഇറങ്ങുമ്പോഴാണു ഷോക്കേറ്റു വീണത്. പിറ്റേന്നു പുലർച്ചെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്നു വൈദ്യുതി വിച്ഛേദിച്ചു.

മൃതദേഹങ്ങൾ പാടത്തുകൂടി എടുത്തും ഉന്തുവണ്ടിയിലിട്ടും 200 മീറ്റർ അകലെ കൊണ്ടുപോയി ഇട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2022 സെപ്റ്റംബറിൽ എലപ്പുള്ളിയിൽ മേച്ചേരി പാടത്ത് പി.വിനീത് മരിച്ചതും പാടത്തെ വൈദ്യുതിക്കെണിയിൽ നിന്നുള്ള ഷോക്കേറ്റാണ്. വീടിനു സമീപത്തെ പാടത്താണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാനാണു സ്ഥലം ഉടമ വൈദ്യുതിക്കെണിയൊരുക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com