ADVERTISEMENT

പാലക്കാട് ∙ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. പുതുശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. കാട്ടുപന്നിയെ കുടുക്കാനായി വച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണു നിഗമനം. സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടിൽ ജെ.ആനന്ദ് കുമാറിനെ (52) പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.  കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ വയലിൽ നിന്ന് ഇന്നലെ രാവിലെ 8.45ന് ആർഡിഒയുടെ സാന്നിധ്യത്തിലാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഷോക്കേറ്റ സ്ഥലത്തിനു 10 മീറ്റർ അകലെ, 70 സെന്റിമീറ്റർ മാത്രം ആഴത്തിൽ കുഴികുത്തി രണ്ടു പേരുടെയും മൃതദേഹങ്ങൾ ഒന്നിനു മുകളിൽ ഒന്നായി, ഒരാളുടെ കാലിനു മുകളിൽ മറ്റേയാളുടെ തലവരുന്ന രീതിയിലാണു കുഴിച്ചിട്ടിരുന്നത്. 

ചതുപ്പു നിലമായതിനാൽ ആഴം കുറഞ്ഞ കുഴിയെടുത്തു 2 മൃതദേഹങ്ങളും ചവിട്ടിത്താഴ്ത്തിയതാണെന്ന നിഗമനത്തിലാണു പൊലീസ്. മൃതദേഹങ്ങൾ നഗ്നമാക്കി വയറു കീറിയിരുന്നു. പൊങ്ങി വരാതിരിക്കാനും വേഗം മണ്ണിൽ അഴുകിച്ചേരാനുമാണ് ഇങ്ങനെ ചെയ്തതെന്നു പ്രതി പൊലീസിനോടു പറഞ്ഞു. കുഴൽക്കിണറിൽ നിന്നു കൃഷിയിടത്തിലേക്കു വെള്ളമെത്തിക്കുന്ന പിവിസി പൈപ്പിനുള്ളിലൂടെ വയർ വലിച്ചാണു വയലിലേക്കു വൈദ്യുതിയെത്തിച്ചിരുന്നത്. ഇതു പിന്നീട് ഇരുമ്പു നൂൽക്കമ്പിയുമായി ബന്ധിപ്പിച്ചാണു കെണി വച്ചത്. മരിച്ച യുവാക്കളുടെ വസ്ത്രങ്ങളും ചെരുപ്പും ഒരു മൊബൈൽ ഫോണും വൈദ്യുതക്കെണിക്കായി ഉപയോഗിച്ച കമ്പികളും സമീപമുള്ള കനാലിൽ നിന്നു തെളിവെടുപ്പിനിടെ കണ്ടെത്തി. 

ഞായർ രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ ഇവർ 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തി. പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇവർ തിങ്കളാഴ്ച പുലർച്ചെ പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്. 

1) പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം സതീഷിന്റെയും ഷിജിത്തിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു. ചിത്രത്തിലുള്ള ഷെഡിനോടു ചേർന്ന കുഴിയിലാണു മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്.                                 
2) മരിച്ച യുവാക്കളുടെ വസ്ത്രങ്ങളും ചെരിപ്പും വലിച്ചെറിഞ്ഞ കരിങ്കരപ്പുള്ളി കനാലിനു സമീപം പ്രതി ആനന്ദ്കുമാറിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ.
1) പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം സതീഷിന്റെയും ഷിജിത്തിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു. ചിത്രത്തിലുള്ള ഷെഡിനോടു ചേർന്ന കുഴിയിലാണു മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. 2) മരിച്ച യുവാക്കളുടെ വസ്ത്രങ്ങളും ചെരിപ്പും വലിച്ചെറിഞ്ഞ കരിങ്കരപ്പുള്ളി കനാലിനു സമീപം പ്രതി ആനന്ദ്കുമാറിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ.

സതീഷിനെയും ഷിജിത്തിനെയും കാണാതായതോടെ അഭിനും അഭിജിത്തും പൊലീസിൽ കീഴടങ്ങി. സതീഷിനെയും ഷിജിത്തിനെയും കാണാനില്ലെന്നു ചൊവ്വാഴ്ച ബന്ധുക്കൾ കസബ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടു. തുടർന്നു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. 

തിങ്കളാഴ്ച രാവിലെത്തന്നെ മൃതദേഹങ്ങൾ കണ്ട ആനന്ദ് അന്നു രാത്രി അവ മറവു ചെയ്തെന്നാണു പൊലീസിനോടു പറഞ്ഞത്. പ്രതിക്കെതിരെ നരഹത്യ, തെളിവു നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കും.

അതേസമയം, വേനോലിയിൽ കഴിഞ്ഞ ‍ഞായറാഴ്ച നടന്ന അടിപിടിക്കേസിൽ ഷിജിത്തിന്റെയും സതീഷിന്റെയും സുഹൃത്തുക്കളായ കൊട്ടേക്കാട് ചെമ്മൻകാട് സ്വദേശി അജിത്ത് (22), അഭിൻ (22) എന്നിവരെ പൊലീസ് റിമാൻഡ് ചെയ്തു. വഴിയാത്രക്കാരെ തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പ്. ഈ കേസിൽ പത്തോളം പ്രതികളുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. 

സതീഷിന്റെയും ഷിജിത്തിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തെക്കേകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരങ്ങൾ: രഞ്ജിത്, ശ്രീജിത്. കാളാണ്ടിത്തറയിൽ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്കന്റെയും മകനാണു കൂലിപ്പണിക്കാരനും പെയിന്റിങ് തൊഴിലാളിയുമായ സതീഷ്. സഹോദരി ദീപ.

തെളിവു നശിപ്പിക്കാൻ ശ്രമിച്ചത് ഇങ്ങനെ 

തിങ്കളാഴ്ച രാവിലെ വയലിലെത്തിയ ആനന്ദ് കുമാർ 2 പേർ ഷോക്കേറ്റു മരിച്ചു കിടക്കുന്നതു കണ്ടിരുന്നു. എന്നാൽ വൈദ്യുതിക്കെണിയിൽ നിന്നു വൈദ്യുതി വിഛേദിച്ചു വീട്ടിലേക്കു മടങ്ങി. മൃതദേഹങ്ങൾ കുഴിച്ചിട്ടതുൾപ്പെടെ തെളിവു നശിപ്പിച്ചത് അന്നു രാത്രിയിലാണ്. ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്ത് കിടന്നിട്ടും ആരും കണ്ടെത്തിയില്ല. രാത്രി 10 മണിക്കു സ്ഥലത്തെത്തിയ ആനന്ദ് 10 മീറ്റർ ദൂരേക്കു വലിച്ചു നീക്കി കുഴിച്ചിട്ടു. മൃതദേഹങ്ങളിൽനിന്നു വസ്ത്രങ്ങൾ മാറ്റി കത്തി ഉപയോഗിച്ചു വയറു കീറിയിട്ടാണു കുഴിയിലേക്കു ചവിട്ടിത്താഴ്ത്തിയത്.

മൃതദേഹങ്ങളിൽ നിന്ന് അഴിച്ചെടുത്ത വസ്ത്രങ്ങളും വൈദ്യുതിക്കെണിക്കായി ഉപയോഗിച്ച ഇരുമ്പു കമ്പികളും ചെരുപ്പും ചൊവ്വാഴ്ച രാവിലെ മലമ്പുഴ ഇടതു കനാലിന്റെ കരിങ്കരപ്പുള്ളി ഭാഗത്തെ വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞു. കനാലിന്റെ എതിർഭാഗത്തെ കാട്ടിൽനിന്നു യുവാക്കളിൽ ഒരാളുടെ മൊബൈൽ ഫോണും കണ്ടെത്തി. പ്രതിയുടെ കൃഷിയിടത്തിലെ പഴയ ഫ്രിജിലാണു മൺവെട്ടി സൂക്ഷിച്ചിരുന്നത്. പേടിച്ചിട്ടാണു തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് ആനന്ദ് പൊലീസിനോടു പറഞ്ഞു.

എസി മെക്കാനിക് ആയ ആനന്ദിന് ഇലക്ട്രിക് പണികളും അറിയാം. വീടിനു പുറത്തെ കുളിമുറിയിൽ നിന്ന്, 100 മീറ്ററോളം അകലെ കൃഷിയിടത്തിലേക്കുള്ള പൈപ്പിനുള്ളിലൂടെ ഇൻസുലേറ്റഡ് വയറിട്ടാണു വൈദ്യുതി എത്തിച്ചത്. ഇത് ഇരുമ്പു നൂൽക്കമ്പിയുമായി ബന്ധിപ്പിച്ചാണു വൈദ്യുതിക്കെണി ഒരുക്കിയത്. ലൈനിന്റെ 2 ഭാഗത്തും ആവശ്യമെങ്കിൽ വൈദ്യുതി കടത്തി വിടാനും വിച്ഛേദിക്കാനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെ പാൽനീരി കോളനിക്കു സമീപത്തെ വയലിലൂടെ ഷിജിത്ത് മുൻപിലും സതീഷ് പിന്നിലുമായി  ഓടിയെന്ന നിഗമനത്തിലാണ് പൊലീസ്. ഷിജിത്തിന്റെ ഇടതു കാൽമുട്ടിനു മുകളിൽ ഷോക്കേറ്റതിന്റെ സൂചനയുണ്ട്. കയ്യിൽ പുല്ലുമുണ്ടായിരുന്നു. ആദ്യം ഓടിവന്ന ഷിജിത്ത് തെറിച്ചുവീഴുകയും പുല്ലിൽ മുറുക്കി പിടിക്കുകയും ചെയ്തുവെന്നും ഷിജിത്ത് തട്ടിയതോടെ വൈദ്യുതക്കെണി മണ്ണിലേക്കു വീണുവെന്നും കരുതുന്നു. തൊട്ടുപിന്നാലെ വന്ന സതീഷിനും കാൽപാദത്തിലൂടെയാണു ഷോക്കേറ്റതെന്നാണു നിഗമനം. 

മൃതദേഹങ്ങൾ രാവിലെ 8.45ന് ആർഡിഒ ഡി.അമൃതവല്ലിയുടെ നേതൃത്വത്തിൽ പൊലീസ് പുറത്തെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എഎസ്പിഎ ഷാഹുൽ ഹമീദ്, ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ, തഹസിൽദാർമാരായ വി.സുധാകരൻ, ടി.രാധാകൃഷ്ണൻ, ഫൊറൻസിക് സർജൻ ഡോ.പി.ബി.ഗുജ്റാൾ, ജില്ലാ ഇൻസ്പെക്ടർമാരായ ഷിജു ഏബ്രഹാം, എൻ.എസ്.രാജീവ്, അനീഷ് കുമാർ, എസ്ഐമാരായ വി.ഹേമലത, ഐ.സുനിൽ കുമാർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.പി.സന്തോഷ്, ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.ഷീന, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.നൗഫൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 

സംഭവങ്ങളുടെ തുടക്കം 

ഞായറാഴ്ച രാത്രി വേനോലിയിലുണ്ടായ അടിപിടിയോടെയാണു സംഭവങ്ങളുടെ തുടക്കം. സംഭവത്തിൽ പരുക്കേറ്റയാൾ കസബ സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഭിൻ, അജിത്ത്, മരിച്ച സതീഷ്, ഷിജിത്ത് എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെയാണ് ഇവർ അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ കസബ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ, ഇവർ അടിപിടിക്കേസിൽ പ്രതികളായതിനാൽ ഒളിവിൽ പോയതാകാമെന്നു സംശയിച്ചു പൊലീസ് ബന്ധുക്കളെ മടക്കി അയച്ചു. അഭിനും അജിത്തും തിരികെ എത്തിയെന്നും മറ്റു രണ്ടുപേർ എത്തിയില്ലെന്നും ബന്ധുക്കൾ അറിയിച്ചതോടെ പൊലീസ് ഇരുവരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇവർ കീഴടങ്ങിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പാടത്തിനു സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ സതീഷും ഷിജിത്തും പാടത്തു കൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു.  തുടർന്നാണു തിരച്ചിൽ നടത്തിയത്. പരാതി അന്വേഷിക്കാൻ വൈകിയെന്ന് മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ ആരോപിച്ചു. 

അനധികൃത വൈദ്യുതി വേലി കുറ്റമാണ് 

പാലക്കാട് ∙ സ്വകാര്യ സ്ഥലങ്ങളിലെ അനധികൃത ഫെൻസിങ് ഗുരുതരമായ കുറ്റമാണ്. കെഎസ്ഇബിക്കും വനം വകുപ്പിനും വിവിധ തരത്തിൽ കേസെടുക്കാം. കഴിഞ്ഞ ദിവസം കരിങ്കരപ്പുള്ളിയിൽ സംഭവിച്ചതുപോലെ മനുഷ്യജീവന് അപകടകരമാകുന്ന സാഹചര്യത്തിൽ പൊലീസിനു കേസെടുക്കാം. വീടുകളിലെയും മോട്ടർ പുരകളിലെയും കണക്‌ഷൻ പ്ലഗിൽ വയർ കുത്തി കമ്പിവേലിയിലേക്കും മറ്റും വൈദ്യുതി കടത്തിവിടുന്നതു വൈദ്യുതി മോഷണമാണ്. കാട്ടുമൃഗങ്ങളെ കുടുക്കാൻ കുരുക്കിട്ട് അതിലേക്കു വൈദ്യുതി കടത്തിവിടുന്നത് ഈ വിധമാണ്. കമ്പിയിൽ തട്ടി ആരെങ്കിലും ഷോക്കേറ്റു മരിച്ചാൽ നരഹത്യയ്ക്കു വരെ കേസെടുക്കും. 

ശിക്ഷാർഹമെന്നു വനംവകുപ്പും 

അനധികൃത ഫെൻസിങ്, കെണി എന്നിവ ഒരുക്കുന്നവർക്കു മൂന്നു വർഷം വരെ തടവുശിക്ഷ, അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചുള്ള ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പും അറിയിച്ചു.സ്വകാര്യ ഫെൻസിങ് സ്ഥാപിക്കുന്നതിനു  വൈദ്യുതി വകുപ്പിന്റേതടക്കം അനുമതി വേണം. ഹൃദയ സ്പന്ദനം പോലെ വൈദ്യുതി ഇടവിട്ടു പ്രവഹിക്കുന്ന രീതിയിലായിരിക്കണം പ്രവർത്തനം. വീട്ടിൽ നിന്നു വൈദ്യുതിയെടുക്കുമ്പോഴും സോളർ ഫെൻസിങ്ങിനും പ്രത്യേക അനുമതി വേണം.

തനിച്ചായി, 2 കുടുംബങ്ങൾ 

പുതുശ്ശേരി ∙ കരിങ്കരപ്പുള്ളി ദുരന്തത്തിൽ നഷ്ടമായതു 2 കുടുംബങ്ങളുടെ പ്രതീക്ഷകൾ കൂടിയാണ്. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി സതീഷിന്റെ മരണത്തോടെ പ്രായമായ അമ്മയും മുത്തശ്ശിയും മാത്രമായി. സതീഷിന്റെ അച്ഛൻ മാണിക്യൻ നേരത്തെ മരിച്ചു. ഇതോടെ കുടുംബത്തെ നോക്കിയതു സതീഷായിരുന്നു. പ്ലസ്ടുവിനു ശേഷം പെയിന്റിങ്ങും മറ്റു ജോലികളും ചെയ്തിരുന്നു. സതീഷും ഷിജിത്തും സ്കൂൾ പഠന കാലം മുതൽ കൂട്ടുകാരായിരുന്നു. നാട്ടിലെ എല്ലാ പരിപാടിക്കും ഇവർ ഒരുമിച്ചാണ് എത്തിയിരുന്നത്.

അതിജീവനം നിയമവിരുദ്ധമാകരുത് 

വന്യമൃഗങ്ങളെ തടയാനുള്ള വൈദ്യുതിക്കെണി വീണ്ടും മനുഷ്യജീവനെടുത്തു. മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കു കർഷകന്റെ അതിജീവന പരിശ്രമങ്ങൾ മാറുന്നുണ്ടോ എന്നു പരിശോധിക്കണം. ജില്ലയിൽ മാത്രം വലിയ ഇടവേളകൾ ഇല്ലാതെ സംഭവിക്കുന്ന മൂന്നാമത്തെ സംഭവമാണു കൊടുമ്പ് കരിങ്കരപ്പുള്ളിയിലേത്. അതേസമയം, കർഷകർക്കു കൃഷി ഒരു ജീവന്മരണ പോരാട്ടമായി മാറുകയാണ്. വന്യമൃഗശല്യവും അതുമൂലമുള്ള വിളനാശവും രൂക്ഷമാണ്. കൃഷിയിടത്തിലേക്കു കൂട്ടമായി കാട്ടുപന്നികളെത്തുമ്പോൾ അവയെ പ്രതിരോധിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ചുരുക്കം ചില സാഹചര്യങ്ങളിൽ നിയമവിരുദ്ധമാകുന്നു. വന്യമൃഗ പ്രതിരോധത്തിനു നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കരുതെന്നു കർഷക സംഘടനകൾ നിരന്തരം കൃഷിക്കാർക്കിടയിൽ ബോധവൽകരണം നടത്തുന്നുണ്ട്.

കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം പഞ്ചായത്തു പ്രസിഡന്റുമാർക്കു നൽകിയ തീരുമാനം വന്നിട്ടും മാറ്റമൊന്നുമില്ല. ഉപദ്രവകാരികളായ കാട്ടുപന്നികളെ ഉപാധിരഹിതമായ രീതിയിൽ കൊല്ലാനുള്ള അനുവാദം കർഷകർക്കു ലഭിക്കുന്നില്ല. ലൈസൻസ് ഉള്ള തോക്ക് കൈവശമുള്ളവർക്കാണു വെടിവയ്ക്കാൻ അനുവാദമുള്ളത്. എന്നാൽ, കർഷകർ തോക്ക് ലൈസൻസിന് അപേക്ഷിച്ചാൽ കിട്ടില്ല. വനംവകുപ്പും കൃഷിവകുപ്പും കർഷകരെ കയ്യൊഴിഞ്ഞ മട്ടാണ്. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പരാതികൾ ദിനംപ്രതി വർധിക്കുമ്പോഴും ഉത്തരവാദപ്പെട്ട വകുപ്പുകൾ നിശ്ശബ്ദരായി ഇരിക്കുന്നത് ഏതു കഠിനമാർഗങ്ങളും സ്വീകരിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നു. കൃഷിയെയും കർഷകനെയും സംരക്ഷിക്കുന്ന നിയമങ്ങൾ ദുർബലമാകുന്നതും വന്യമൃഗ സംരക്ഷണ നിയമങ്ങൾ സർവശക്തിയോടും കൂടി നടപ്പാക്കുന്നതും കർഷകർ നേരിടുന്ന വെല്ലുവിളികളാണ്. കൃഷിസ്ഥലത്തെ അവസാനത്തെ മരണമാകട്ടെ പാലക്കാട്ടെ യുവാക്കളുടെ ദാരുണാന്ത്യം.

English Summary: Deadly Electric Trap: The Horrific Fate of Two Young Men in Palakkad Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT