ചരക്കു ലോറി മറിഞ്ഞു; 3 പേർക്ക് പരുക്ക്

Mail This Article
എലപ്പുള്ളി ∙ പാറ–പൊള്ളാച്ചി സംസ്ഥാനാന്തരപാത ഇരട്ടയാലിൽ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ലോറി ഡ്രൈവർക്കും ലോറിയിലുണ്ടായിരുന്ന കാലിത്തീറ്റ ചാക്കുകൾ കാറിലേക്കും സ്കൂട്ടറിലേക്കും മറിഞ്ഞു വീണു 2 യാത്രക്കാർക്കും പരുക്കേറ്റു. ലോറി ഡ്രൈവർ പെരുവെമ്പ് പാലത്തുള്ളി നിധിൻ (31), കാർ ഡ്രൈവർ ചേങ്ങോട് നൂർമഹലിൽ അബ്ദുൽ റഹിമാൻ (74), സ്കൂട്ടർ ഓടിച്ച ഇരട്ടയാൽ മൈത്രി നഗറിൽ ഹേമ (58) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4നു ഇരട്ടയാൽ ജംക്‌ഷനിലാണ് അപകടം.
പൊള്ളാച്ചിയിൽ നിന്നു പാലക്കാട്ടേക്കു കാലിത്തീറ്റ കയറ്റിയെത്തിയ ലോറിയാണു വളവിൽ നിയന്ത്രണം തെറ്റി മറിഞ്ഞത്. ലോറിക്കു പിന്നിലുണ്ടായിരുന്ന കാറിലേക്കും സ്കൂട്ടറിലേക്കും ചാക്കുകൾ മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ കെ.രാജീവൻ, ഗ്രേഡ് എഎസ്ടിഒ പി.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. അപകടത്തെ തുടർന്നു അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.