ADVERTISEMENT

ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി പഞ്ചായത്തിലെ തിരുവാഴിയോട് തിരുനാരായണപുരം തേക്കിൻകാട്ടിൽ വീട്ടിൽ രാമചന്ദ്രന്റെ മകൻ മജ്ജ മാറ്റിവയ്ക്കലിനു നിർദേശിക്കപ്പെട്ട രണ്ടര വയസ്സുകാരൻ ആരുഷിന് ‘കാരുണ്യ വിപ്ലവ’ ത്തിലൂടെ ചികിത്സാ സഹായനിധി സമാഹരിക്കാനൊരുങ്ങി പെരിങ്ങോട്ടുകുർശ്ശി ദയ ചാരിറ്റബിള്‌ ട്രസ്റ്റും വെള്ളിനേഴി പഞ്ചായത്ത് ഭരണ സമിതിയും. 

ആരുഷ് ഒരു വർഷമായി രക്താർബുദം ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവച്ചാൽ മാത്രമേ ആരുഷിന്റെ ജീവൻ നിലനിർത്താൻ കഴിയൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള ഭീമമായ സംഖ്യ കണ്ടെത്താനാണു പഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളെയും ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെയും പങ്കെടുപ്പിച്ച് ഒക്ടോബർ 1ന്  രാവിലെ 9 മുതൽ 6 മണിക്കൂർ നീളുന്ന കാരുണ്യവിപ്ലവം സംഘടിപ്പിക്കുന്നത്. ആറു മണിക്കൂർ നീളുന്ന യജ്ഞത്തിലൂടെ 30 ലക്ഷം രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഇതിനായി 20 പേരടങ്ങുന്ന 100 സ്ക്വാഡുകളായി തിരിഞ്ഞ് 100 സീൽഡ് ബക്കറ്റുകളിലായി പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയാണു പണം സമാഹരിക്കുക. ഓരോ സ്ക്വാഡും 75 വീടുകൾ കയറിയിറങ്ങും.

രാവിലെ 8ന് പി.മമ്മിക്കുട്ടി എംഎൽഎ കാരുണ്യവിപ്ലവത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിക്കും. ബക്കറ്റ് പിരിവ് പൂർത്തിയാക്കിയ സ്ക്വാഡുകൾ കലക്‌ഷൻ സെന്ററായ അടയ്ക്കാപുത്തൂർ സ്കൂളിലെത്തി ബക്കറ്റ് തുറന്ന് പണമെണ്ണി തിട്ടപ്പെടുത്തി ക്യാഷ് കൗണ്ടറിൽ ഏൽപിച്ച് രസീത് വാങ്ങും. മൊത്തം സമാഹരിച്ച തുക വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കനറാ ബാങ്ക് മാനേജർക്കു കൈമാറും. സമാപന സമ്മേളനം സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ആരുഷിന്റെ മജ്ജ മാറ്റിവയ്ക്കലിനും തുടർ ചികിത്സയ്ക്കും ആവശ്യമായ തുകയിൽ കൂടുതൽ ലഭിക്കുന്ന തുകയിൽ 80 ശതമാനവും പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന നിർധനരായ രോഗികൾക്കായും ബാക്കി പഞ്ചായത്തിനു പുറത്തുള്ള രോഗികൾക്കായും വിനിയോഗിക്കുമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.ബി.രമേഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, ജനറൽ കൺവീനർ ശങ്കർ.ജി.കോങ്ങാട്, പഞ്ചായത്തംഗം സി.രാധാകൃഷ്ണൻ, ദയ ട്രസ്റ്റി മോഹൻദാസ് മഠത്തിൽ എന്നിവർ അറിയിച്ചു. 

ആരുഷിന്റെ ജീവൻ രക്ഷിക്കാനായി വെള്ളിനേഴി ചികിത്സാ സഹായ നിധിയും രൂപീകരിച്ചിട്ടുണ്ട്. കനറാ ബാങ്ക് വെള്ളിനേഴി ശാഖയിൽ ഇതിനായി അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 110142383733. ഐഎഫ്എസ്‌സി കോഡ്: CNRB0001536.  ഫോൺ:  9744959756.

English Summary: Cherpulassery's Community Comes Together to Support Young Leukemia Patient


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT