ഗുണത്തിൽ മുന്നിൽ അട്ടപ്പാടി കാപ്പി; ദേശീയതലത്തിൽ മികച്ച അഞ്ചിൽ ഒന്ന്

Mail This Article
അഗളി ∙ അട്ടപ്പാടിയിലെ കാപ്പിക്ക് ദേശീയ അംഗീകാരം. ബെംഗളൂരുവിൽ നടന്ന ലോക കാപ്പി സമ്മേളനത്തിലാണ് അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ റോബസ്റ്റ കാപ്പി ഗുണമേന്മയിൽ ദേശീയതലത്തിൽ മികച്ച ആദ്യ അഞ്ചിൽ ഇടം പിടിച്ചത്. 6 കാറ്റഗറികളിലായി 1776 സാംപിളുകളാണു പരിശോധനയ്ക്കെത്തിയത്. റോബസ്റ്റ നാച്വറൽസിൽ ആദ്യ അഞ്ചിലെത്തി അട്ടപ്പാടി കാപ്പി. മേഖലാ തലത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
4 ഫാമുകളിലായി 1092 ഹെക്ടർ സ്ഥലമുണ്ട് എസിഎഫ്എസിന് പകുതിയിലേ കൃഷിയുള്ളൂ. ചിണ്ടക്കി, കരുവാര, പോത്തുപ്പാടി ഫാമുകളിലാണു റോബസ്റ്റ കാപ്പിയുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ വിളയുന്ന കാപ്പിക്കു സ്വാഭാവികമായി രുചി കൂടുതലാണ്. പൂർണമായി ജൈവ രീതിയിലാണ് എസിഎഫ്എസിലെ കൃഷി. ഫാമിലെ കരുമുളകിനും ഏലത്തിനും ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്. ഓർഗാനിക് സർട്ടിഫിക്കേഷനുകളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 2022ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെ സ്പൈസസ് അവാർഡ് ലഭിച്ചു. സ്വന്തമായി കയറ്റുമതി ലൈസൻസുള്ള സൊസൈറ്റിയുടെ കാപ്പിയും കുരുമുളകും ഏലവും വിദേശത്തെത്തുന്നുണ്ട്.
വരും വർഷങ്ങളിൽ 1.2 ലക്ഷം റോബസ്റ്റ കാപ്പിച്ചെടികളും കാൽ ലക്ഷം ഏലം ചെടികളും നടാനുള്ള ഒരുക്കത്തിലാണ്. പോത്തുപ്പാടി ഫാമിലെ കുറുക്കൻകുണ്ടിൽ ഇതിനായി പ്രത്യേക സ്ഥലം ഒരുക്കും. സ്പൈസസ് പാർക്കും തയാറാക്കും. സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിൽ ആദിവാസി ക്ഷേമത്തിനുള്ള സഹകരണ സംഘമാണ് എസിഎഫ്എസ്. നാനൂറോളം ആദിവാസി കുടുംബങ്ങളാണ് അംഗങ്ങൾ. ഓഹരി ഉടമകൾ തന്നെയാണു തൊഴിലാളികളും. ജില്ലാ കലക്ടർ പ്രസിഡന്റും ഒറ്റപ്പാലം സബ് കലക്ടർ മാനേജിങ് ഡയറക്ടറുമായ ഭരണസമിതിയാണു സംഘത്തെ നയിക്കുന്നത്. പട്ടികവർഗ വികസന വകുപ്പിലെ അസി.ഡയറക്ടറാണു സെക്രട്ടറി. നിലവിലെ സെക്രട്ടറി ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 3 വർഷം നടന്ന ശ്രമങ്ങൾക്കൊടുവിലാണു നേട്ടം.
English Summary: Attapadi Coffee Makes Waves at World Coffee Conference: Recognized as Top Five in National Quality Rankings