സ്പെയിനിൽ തിളങ്ങാൻ കാട്ടുകുളത്തു നിന്ന് ജിതിൻ യാത്ര തിരിച്ചു

Mail This Article
ശ്രീകൃഷ്ണപുരം∙ സ്പെയിനിലെ എഡിഅൽക്കർ കോൺ ഫുട്ബോൾ ക്ലബ്ബിൽ ചേരാൻ കാട്ടുകുളം പരിയാനമ്പറ്റ സ്വദേശി ജിതിൻ യാത്ര തിരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലെത്തിയ ജിതിൻ നാളെ മുബൈയിലേക്കും അവിടെ നിന്നു പാരിസ് വഴി സ്പെയിനിലേക്കും പറക്കും. കൊച്ചിയിലെ ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമി നടത്തിയ സിലക്‌ഷൻ ക്യാംപിലൂടെയാണ് ആനാരിത്തൊടി വീട്ടിൽ ജിതിൻ (19) ഒരു മാസത്തെ പരിശീലനത്തിനായി സ്പെയിനിലെ ഇഎസ് മിസൽറ്റ ഫുട്ബോൾ ക്ലബ്ബിലേക്കു പോയത്.
മികച്ച പ്രകടനം കണ്ട് എഡി അൽക്കർകോൺ ക്ലബ് ഒരു വർഷത്തേക്കു ജിതിനെ സ്വന്തമാക്കി. ഒരു വർഷം കൊണ്ട് യുവേഫ ചാംപ്യൻസ് ലീഗിന്റെ സീലൈസൻസ് എടുക്കാനും ജിതിന് ആലോചനയുണ്ട്. ടിക്കറ്റിനും ഇൻഷുറൻസിനുമായി പണം കണ്ടെത്താൻ ജിതിൻ ബുദ്ധിമുട്ടിലാണെന്നു മുൻപു മനോരമ വാർത്ത നൽകിയിരുന്നു. ചെർപ്പുളശ്ശേരിയിലെ ഇസ ഗ്രൂപ്പ് ടിക്കറ്റിനുള്ള പണം നൽകിയതോടെയാണു ജിതിൻ യാത്ര തിരിച്ചത്. ഇൻഷുറൻസിനും മറ്റുമായി ഇനിയും പണം ആവശ്യമുണ്ട്. റബർ ടാപ്പിങ് തൊഴിലാളിയായ കുഞ്ഞിക്കണ്ണന്റെയും രാധികയുടെയും മകനാണ്.