ADVERTISEMENT

പാലക്കാട് ∙ നഗരത്തിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതോടൊപ്പം അനുമതി ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ഭക്ഷണശാലകൾക്കെതിരെയും നടപടി കർശനമാക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ യോഗം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ശുചിത്വ സംവിധാനങ്ങളൊന്നും ഇല്ലാതെ പട്ടിക്കര, കോട്ടമൈതാനം റോഡ്, സ്റ്റേഡിയം സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലടക്കം അനധികൃതമായി കടകൾ പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നു. അതേ സമയം പട്ടിക്കരയിൽ കംഫർട്ട് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി എടുക്കുന്നതിൽ ഭരണപക്ഷത്ത് കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായി. 

കടകൾ മാത്രമാണു നഗരസഭ ലേലം ചെയ്തു നൽകിയതെന്നും അവിടെ എന്തു കച്ചവടം നടത്തണമെന്നോ, നടത്തരുതെന്നോ ടെൻഡർ വ്യവസ്കളിൽ ഇല്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. കെട്ടിടത്തിൽ ഭൗതിക സൗകര്യം ഒരുക്കേണ്ടതു നഗരസഭയാണെന്നും വാദം ഉയർന്നു.  എന്നാൽ വിൽക്കുന്നതു ഭക്ഷ്യ വസ്തു ആയതിനാൽ ശുചിത്വം ഉറപ്പാക്കണമെന്നും ഉടൻ നടപടിയെടുക്കണമെന്നും ഭരണപക്ഷത്തെത്തന്നെ ചിലർ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ഇതേ ആവശ്യം ഉന്നയിച്ചു. കച്ചവട വിരോധവും സ്ഥാപനം പൂട്ടിക്കാനുള്ള നടപടികളും അനുവദിക്കില്ലെന്നു വ്യാപാരി കൂടിയായ കൗൺസിലർ കെ.ലക്ഷ്മണൻ പറഞ്ഞു. ലൈസൻസുകൾ നേടാനും പ്രശ്ന പരിഹാരത്തിനുമായി  നിയമാനുസൃത മാർഗത്തിലൂടെ സംരംഭകരെ സഹായിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

∙ നഗരത്തിൽ വർധിച്ചു വരുന്ന കന്നുകാലി ശല്യം നിയന്ത്രിക്കണമെന്ന മുതിർന്ന അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടു. പിടിച്ചു കെട്ടാൻ ആല ഇല്ലാത്തതിനാൽ തൽക്കാലം പരിഹാര നടപടികളെടുക്കാൻ സാധിക്കില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 

∙ വലിയങ്ങാടിയിലെ മുഴുവൻ റോഡുകളും അടിയന്തരമായി നേരെയാക്കണമെന്ന് കൗൺസിൽ യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

∙ കല്ലേപ്പുള്ളി–രാമനാഥപുരം റോഡ് മഴമാറിയാലുടൻ നന്നാക്കുമെന്ന് എൻജിനീയറിങ് വിഭാഗം ഉറപ്പു നൽകി. 

∙ നഗരസഭയിൽ ഓവർസിയർമാരുടെ കുറവ് പ്രവൃത്തികളെ ബാധിക്കുന്ന സാഹചര്യത്തിൽ എംപ്ലോയ്മെന്റ് വഴി കരാർ നിയമനത്തിന് കൗൺസിൽ അനുമതി നൽകി.  

2 കൗൺസിൽ യോഗം; പരിഗണിച്ചത് 155 അജൻഡകൾ 

നഗരസഭയിൽ 5 ദിവസത്തിനിടെ നടത്തിയത് 2 കൗൺസിൽ യോഗങ്ങൾ. പരിഗണിച്ചത് 155 അജൻഡകൾ. ജില്ലാ ആസൂത്രണ സമിതിയുടെ അനുമതിക്കു വിടേണ്ട അജൻഡകൾ പ്രത്യേക പ്രമുഖ്യം നൽകി ആദ്യ യോഗത്തിൽ തന്നെ കൗൺസിൽ യോഗം പാസാക്കിയതും ഗുണകരമായി. നഗരസഭാധ്യക്ഷ അവധിയിലായതിനാൽ ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വൈകുന്നേരം വരെ ചർച്ച നടത്തിയാണ് അജൻഡകൾ പാസാക്കിയത്. നഗരസഭയിൽ കഴിഞ്ഞ 2 മാസമായി സാധാരണ കൗൺസിൽ യോഗം വിളിക്കാത്തതു വൻ വിവാദത്തിനു കാരണമായിരുന്നു. ഇതിനിടെ ഫയൽ നീക്കവും സ്തംഭിച്ചു. വാർഡ് പ്രവൃത്തികൾ പരിഗണിക്കാൻ പോലും കൗൺസിൽ യോഗം വിളിക്കുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. ശേഷം കഴിഞ്ഞ 26ന് ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അന്ന് 81 അജൻഡകളാണു പരിഗണിച്ചത്. അന്നു തന്നെ 30നു വീണ്ടും യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്നലത്തെ യോഗത്തോടെ നഗരസഭയിൽ കെട്ടിക്കിടന്നിരുന്ന അജൻഡകളെല്ലാം തീർപ്പാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT