മഴയിൽ കുതിർന്ന് ഉപജില്ലാ കായികമേള; കഴിവു പുറത്തെടുക്കാനാകാതെ താരങ്ങൾ

Mail This Article
ശ്രീകൃഷ്ണപുരം ∙ കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചെർപ്പുളശ്ശേരി ഉപജില്ലാ കായികമേളയുടെ രണ്ടാം ദിവസം മഴയിൽ കുതിർന്നു. പലപ്പോഴായി പെയ്ത മഴയിൽ ഗ്രൗണ്ടിൽ വെള്ളവും ചെളിയും നിറഞ്ഞതു മത്സരാർഥികളെ ദുരിതത്തിലാക്കി. പലർക്കും കഴിവു പുറത്തെടുക്കാനായില്ലെന്നു മത്സരാർഥികളും അധ്യാപകരും രഹസ്യമായി പരാതിപ്പെട്ടു. മഴ പെയ്തതോടെ ചെറിയ കല്ലുകളിൽ തട്ടി പലരുടെയും കാലിൽ മുറിവു പറ്റി. ഓട്ടമത്സരങ്ങളിൽ മത്സരാർഥികൾ വീണു. തണുപ്പു കൂടിയതോടെ പ്രതീക്ഷിച്ച വേഗത്തിൽ ഓടാൻ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.
കനത്ത മഴ പെയ്തതോടെ നിർത്തിവച്ച മത്സരം ഒരു മണിക്കൂറിനു ശേഷം വീണ്ടും ആരംഭിച്ചു. ഇന്നലെ നടത്തേണ്ടിയിരുന്ന യുപി വിഭാഗം 100 മീറ്റർ, 100 മീറ്റർ റിലേ മത്സരങ്ങളും ഇന്നു നടത്തേണ്ടിയിരുന്ന എൽപി വിഭാഗം മത്സരങ്ങളും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എൽപി, യുപി, ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്.