ധോണിയെ (പി.ടി.ഏഴാമൻ ) ചികിത്സിച്ച് ആരോഗ്യവാനാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ
Mail This Article
പാലക്കാട് ∙ കൃത്യമായ ചികിത്സയിലൂടെ ധോണിയെ (പി.ടി.ഏഴാമൻ ) ആരോഗ്യവാനായ ആനയാക്കി സംരക്ഷിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. പിടികൂടുമ്പോൾ കണ്ണിനു കാഴ്ചപ്രശ്നം ഉണ്ടായിരുന്നു. ചികിത്സയിലൂടെ കാഴ്ച വീണ്ടെടുക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ധോണി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ മന്ത്രി പാപ്പാൻമാരായ മണികണ്ഠൻ, മാധവൻ, കുട്ടൻ, വിജയൻ എന്നിവരെ അനുമോദിച്ചു.
കലക്ടർ ഡോ.എസ്.ചിത്ര, ഉത്തരമേഖല വന്യജീവി വിഭാഗം കൺസർവേറ്റർ മുഹമ്മദ് ഷബാബ്, ഡിഎഫ്ഒ കുറ ശ്രീനിവാസ്, എൻസിപി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി എന്നിവരും ഒപ്പമുണ്ടായിരുന്നു. വന്യജീവിശല്യത്തിൽ നിന്നു ജനത്തെ സംരക്ഷിക്കാൻ വനംവകുപ്പ് സദാ ജാഗ്രത പുലർത്തുന്നു. എന്നാൽ ചിലർ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടത്തുന്നു. അരിക്കൊമ്പൻ ചരിഞ്ഞുപോയെന്നു പോലും ചിലർ വാർത്ത പരത്തി. ഇതുകേട്ട് ആശങ്കയോടെ ഒട്ടേറെ പേർ തന്നെ വിളിച്ചെന്നും അരിക്കൊമ്പൻ ഇപ്പോൾ ചുണക്കുട്ടിയായി ‘ഗുരുവായൂർ കേശവനെപ്പോലെ’ ഗമയിൽ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.