പ്രേക്ഷക പ്രശംസ നേടി ‘മൃഗം’ നാടകം

Mail This Article
ശ്രീകൃഷ്ണപുരം ∙ സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചർച്ച ചെയ്യുന്ന മൃഗം എന്ന രണ്ടാൾ നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. പെൺമക്കളുള്ള മാതാപിതാക്കൾ നിർബന്ധമായും കണ്ടിരിക്കണമെന്ന് വിധിയെഴുതിയാണ് പ്രേക്ഷകർ വേദി വിട്ടത്. ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ 1988–89 എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെ വൈകിട്ട് സ്കൂളിലെ ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിച്ചത്.
പ്രഫഷനൽ നാടകത്തിന്റെ സാങ്കേതികത്വമോ രംഗപടങ്ങളോ ഇല്ലാതെയാണ് നാടകം അരങ്ങിലെത്തിയത്. സംസ്ഥാന അവാർഡ് ജേതാക്കളായ കലവൂർ ശ്രീലനും, ജാകസ്ൺ കെപിഎസിയും വേദിയിലെത്തി. ജാക്സൺ കെപിഎസി തന്നെയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നാടക രചയിതാവ് ശ്രീകൃഷ്ണപുരം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമകൃഷ്ണൻ പുതുക്കൊള്ളി അധ്യക്ഷനായി. എംഎസ്എൻ സുധാകരൻ, ഡോ. വി.കെ.രാജകൃഷ്ണൻ, മീനു എസ്.കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുകുമാരൻ, മാനേജർ കെ.രാധാകൃഷ്ണൻ, പ്രിൻസിപ്പൽ പി.എസ്.ആര്യ, പിടിഎ പ്രസിഡന്റ് എ. മുരളീധരൻ, സാന്ത്വനം ഭാരവാഹികളായ സി.പി.സതീഷ് കുമാർ, ബീന കലസിയിൽ എന്നിവർ പ്രസംഗിച്ചു.