‘ഒളിഞ്ഞു നിന്ന് ’ വാഹന പരിശോധന; ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്കു പരുക്ക്
Mail This Article
ചിറ്റൂർ ∙ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ 3 പേർക്ക് പരുക്ക്. മറഞ്ഞുനിന്ന ഉദ്യോഗസ്ഥർ പെട്ടെന്നു റോഡിലേക്കു കയറിവന്നു വാഹനം തടഞ്ഞത് അപകടത്തിനിടയാക്കിയെന്നാണു പരാതി. അപകടത്തിൽ അത്തിമണി സ്വദേശി ജാക്സൺ (43), മകൾ ആരുഷി (9), അയൽ സംസ്ഥാന തൊഴിലാളി സോനുകുമാർ (33) എന്നിവർക്കാണു പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ തത്തമംഗലം മേട്ടുപ്പാളയം അഗ്നിരക്ഷാ നിലയത്തിനു സമീപത്താണു സംഭവം.
പ്രധാന റോഡിൽ നിന്ന് ഉള്ളിലേക്കു മാറ്റി വാഹനം കയറ്റിയിട്ട ശേഷം റോഡരികിൽ നിന്നു വാഹനങ്ങൾ തടഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. ജാക്സണും മകളും ബൈക്കിൽ മേട്ടുപ്പാളയത്തു നിന്നു ചിറ്റൂർ ഭാഗത്തേക്കു പോകുന്ന സമയത്ത് ഉദ്യോഗസ്ഥർ പെട്ടെന്നു റോഡിലേക്കു കയറി തടഞ്ഞു. വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടെ പിന്നാലെ വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ റോഡിൽ നിന്ന് എടുത്തുമാറ്റാനോ ആശുപത്രിയിലെത്തിക്കാനോ ഉദ്യോഗസ്ഥർ തയാറായില്ലെന്നും ആരോപണമുണ്ട്.
പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും തുടർന്നു നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറഞ്ഞുനിന്ന് വാഹനങ്ങൾ തടഞ്ഞ് പിടികൂടുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം, സാധാരണ രീതിയിൽ റോഡരികിൽ നിന്നു പരിശോധന നടത്തുക മാത്രമാണു ചെയ്തതെന്നും അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നതായും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
English Summary: Outrage in Chittoor as Hidden Motor Vehicle Department Officials Cause Accident