വ്യാജ വിഡിയോ പ്രചാരണം: നിയമ നടപടിക്കെന്ന് കല്ലടി ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ
Mail This Article
മണ്ണാർക്കാട്∙ കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥിയെ മർദിക്കുന്നുവെന്ന രീതിയിൽ വീണ്ടും വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ സ്കൂൾ അധികൃതർ സൈബർ സെല്ലിൽ പരാതി നൽകി. ഇതര സംസ്ഥാനത്തെ സ്കൂളിൽ നടന്നതെന്ന് കരുതുന്ന വിഡിയോയാണ് കല്ലടി സ്കൂളിന്റേതെന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്. കായിക മേഖലയിലും പഠന മികവിലും മുന്നിട്ടു നിൽക്കുന്ന കുമരംപുത്തൂർ കല്ലടി സ്കൂളിന് എതിരെ ഇതേ വിഡിയോ ഉപയോഗിച്ച് 2017ലും 2019ലും വ്യാജ പ്രചാരണം നടത്തിയിരുന്നു. 2017ൽ പ്ലസ് വൺ വിദ്യാർഥികളുടെ യൂണിഫോമും വിഡിയോയിലെ വിദ്യാർഥികളുടെ യൂണിഫോമും സാദൃശ്യമുണ്ടെന്നതാണ് ഇത്തരമൊരു വിഡിയോ സ്കൂളിന് എതിരെയുള്ള പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
അന്ന് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരുന്നത്. മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, ചൈൽഡ് ലൈൻ തുടങ്ങി വിവിധ വകുപ്പുകൾ പല വിധത്തിൽ അന്വേഷണം നടത്തിയിരുന്നു. കുട്ടികളിൽ നിന്നു വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഈ വകുപ്പുകളെല്ലാം നടത്തിയ അന്വേഷണത്തിൽ വിഡിയോ കല്ലടി സ്കൂളിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തിയരുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു. വ്യാജ വിഡിയോ പ്രചരിപ്പിച്ച് സ്കൂളിനെ അപകീർത്തിപ്പെടുത്തിന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പിൽ എം.ഷഫീഖ് റഹ്മാൻ, മുൻ പ്രിൻസിപ്പൽ ടി.പി.മുഹമ്മദ് റഫീഖ്, പിടിഎ പ്രസിഡന്റ് വി.മനോജ്, അബ്ദുൽ ഹാദി അറക്കൽ എന്നിവർ അറിയിച്ചു.