ADVERTISEMENT

അഗളി ∙ രോഗബാധയെത്തുടർന്ന് അമ്മയാന ഉപേക്ഷിച്ച് ഒരാഴ്ചയായി വനപാലകരുടെ സംരക്ഷണയിലായിരുന്ന കാട്ടാനക്കുട്ടി ‘കുത്തനടി ജുംബി’യെ ഇന്നലെ ധോണിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. 6 മാസം പ്രായമുള്ള പിടിയാനക്കുട്ടിയെ അഗളി വനം റേഞ്ചിലെ കുത്തനടി കാട്ടിലാണ് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്.  

പൊക്കിൾക്കൊടിയിൽ മുറിവും പഴുപ്പും അണുബാധയും കണ്ടതിനെത്തുടർന്നു വെറ്ററിനറി സർജന്റെ നിർദേശ പ്രകാരം വനപാലകരുടെ നിരീക്ഷണത്തിൽ മരുന്നും ഭക്ഷണവും നൽകിയിരുന്നു. വനത്തിൽ മരത്തടി ഉപയോഗിച്ചു പ്രത്യേക സംരക്ഷണ കേന്ദ്രമൊരുക്കിയാണു പരിചരിച്ചിരുന്നത്. സമീപത്ത് ആനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു.

അമ്മയും കൂട്ടവും കൂടെക്കൂട്ടാത്ത സാഹചര്യത്തിൽ വിദഗ്ധ പരിചരണത്തിനും ചികിത്സയ്ക്കുമായി ജുംബിയെ ഇന്നലെ രാത്രി ധോണിയിലേക്കു മാറ്റി. വനപാലകർ ആനക്കുട്ടിക്കു നൽകിയ പേരാണ് കുത്തനടി ജുംബി.  മണ്ണാർക്കാട് ഡിഎഫ്ഒ യു.ആഷിക് അലി, വനം വെറ്ററിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാം, അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.സുമേഷ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക വാഹനത്തിലാണ് കുട്ടിയാനയെ ധോണിയിലെത്തിച്ചത്. 

നേരത്തെ പാലൂർ ഊരിനടുത്ത് അമ്മയാന ഉപേക്ഷിച്ച നിലയിൽ കണ്ട കുട്ടിക്കൊമ്പനെ സംരക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ദിവസങ്ങളോളം കാട്ടിൽത്തന്നെ കൂടൊരുക്കി കൂട്ടത്തോടൊപ്പം വിടാൻ ശ്രമിച്ചെങ്കിലും ആനക്കുട്ടി ചരിഞ്ഞു. ഈ സാഹചര്യത്തിലാണു ജുംബിയെ ധോണിയിലേക്കു മാറ്റാൻ വനം വകുപ്പു തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com