യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധിച്ചു

Mail This Article
മണ്ണാർക്കാട് ∙ കുമരംപുത്തൂർ പഞ്ചായത്തിൽ ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണ സമിതിയിലെ യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. എൻ.ഷംസുദ്ദീൻ എംഎൽഎ ഇടപ്പെട്ട് പഞ്ചായത്ത് ഓഫിസ് തുറപ്പിച്ചു. നാലു മാസമായി കുമരംപുത്തൂർ പഞ്ചായത്തിൽ അസി.സെക്രട്ടറിയുടെയും ഹെഡ് ക്ലാർക്കിന്റെയും തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്. വിവിധ പഞ്ചായത്തുകളിലെ അസി. സെക്രട്ടറിമാർക്കും ഹെഡ്‌ക്ലാർക്കുമാമാർക്കും ചുമതല മാറിമാറി നൽകുകയാണ് ചെയ്യുന്നത്. ഇത് പഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞാണ് ഭരണ സമിതി അംഗങ്ങൾ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫിസ് പൂട്ടിയത്.
ജോലിക്ക് എത്തിയ ജീവനക്കാർ ഓഫിസിൽ കയറാനാവാതെ പുറത്തു നിന്നു. ഓഫിസിലേക്ക് കയറുന്ന ഗോവണിയിലായിരുന്നു ആദ്യം ഉപരോധിച്ചത്. പിന്നീട് ഓഫിസ് കെട്ടിടത്തിനു മുൻപിലേക്കു മാറ്റി. നാലു മാസമായി ജീവനക്കാരില്ലാത്തതിന്റെ പ്രയാസം അധികാരികളെ അറിയിച്ചിട്ടും ഒരു പരിഹാരവും ഇല്ലാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഓഫിസ് പൂട്ടി പ്രതിഷേധിച്ചതെന്ന് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി പറഞ്ഞു. പൊലീസ് സ്‌ഥലത്തെത്തി പഞ്ചായത്ത് ഓഫിസിന്റെ താക്കോൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥരെ നിയമിക്കുന്ന കാര്യത്തിൽ ഉറപ്പു ലഭിക്കാതെ തുറക്കില്ലെന്ന് ഭരണ സമിതി അംഗങ്ങൾ ശഠിച്ചു.
ഇതിനിടെ എൻ.ഷംസുദ്ദീൻ എംഎൽഎ പഞ്ചായത്തിലെത്തി. ഓഫിസ് പൂട്ടിയുള്ള സമരം ശരിയല്ലെന്നും ഓഫിസ് തുറന്ന് കൊടുക്കാൻ ആവശ്യപ്പെടുകയും പത്തരയോടെ ഓഫിസ് തുറക്കുകയും ചെയ്തു. പിന്നീട് സമരം ഓഫിസ് കെട്ടിടത്തിനു മുൻപിലേക്കു മാറ്റി.