ADVERTISEMENT

ആലത്തൂർ ∙ ‘പ്രധാനമന്ത്രിയുടെ കാർഡ്’ ഒപ്പിട്ടു നൽകണമെന്നാവശ്യപ്പെട്ടു കൃഷിഭവനിലെത്തിയയാൾ കൃഷി ഓഫിസറെ മർദിച്ചു. തടയാനെത്തിയ മറ്റു ജീവനക്കാർക്കുനേരെയും കയ്യേറ്റശ്രമം ഉണ്ടായി. സംഭവത്തിൽ വാവുള്ള്യാപുരം കരിങ്കുളങ്ങര മോഹനനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസ്.  

തരൂർ കൃഷി ഓഫിസർ ചങ്ങനാശേരി കുറിച്ചിയിൽ ‘സമുദായത്തിൽ പൗർണമി’ വീട്ടിൽ റാണി ഉണ്ണിത്താനാണു (33) മർദനമേറ്റത്. ഇന്നലെ രാവിലെ 10 മണി കഴിഞ്ഞ് ഓഫിസിലെത്തിയ മോഹനൻ കാർഡ് വേണമെന്ന് ആവശ്യപ്പെട്ടു. കൃഷി ഓഫിസിൽ നിന്നു കാർഡുകൾ വിതരണം ചെയ്യുന്നില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥ മോഹനനോട് ഇരിക്കാൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കാർഡ് ഉടൻ ഒപ്പിട്ടു നൽകണമെന്ന് ആവർത്തിച്ചപ്പോൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കു കാർഡ് ഇല്ലെന്നും കിസാൻ ക്രെഡിറ്റ് കാർഡ് ബാങ്കിൽ നിന്നു ലഭിക്കുന്ന വായ്പയാണെന്നും കൃഷി ഓഫിസർ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ക്ഷുഭിതനായ ഇയാൾ അസഭ്യവാക്കുകൾ വിളിച്ചുപറഞ്ഞ് ഓഫിസറുടെ മൂക്കിൽ കൈ ചുരുട്ടി ഇടിച്ചു. വീണ്ടും ഇടിക്കുന്നതു കണ്ട് ഓടിയെത്തിയ ജീവനക്കാരെ കയ്യേറ്റംചെയ്യാൻ ശ്രമിച്ചു.

റാണി ഉണ്ണിത്താൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കെജിഒഎഫ് പാലക്കാട്‌ വനിതാ കമ്മിറ്റി സെക്രട്ടറിയും തരൂർ കൃഷി ഓഫിസറുമായ റാണി ഉണ്ണിത്താനെ അകാരണമായി ഓഫിസിൽ കയറി അസഭ്യം പറയുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തതിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com