ശല്യപ്പെടുത്താൻ ഇനി അവനില്ല; ചിന്നക്കല്ലാറിൽ തുറന്നുവിട്ട മോഴയാന ചരിഞ്ഞു

Mail This Article
വാൽപാറ/പൊള്ളാച്ചി ∙ ചിന്നക്കല്ലാർ വനമേഖലയിൽ കഴിഞ്ഞ ജൂലൈയിൽ വനംവകുപ്പ് തുറന്നുവിട്ട മോഴയാനയെ (കൊമ്പില്ലാത്ത ആൺ ആന) കഴിഞ്ഞ ദിവസം ശക്തി എസ്റ്റേറ്റിൽ ചരിഞ്ഞ നിലയിൽ വനപാലകർ കണ്ടെത്തി. ഉയരമുള്ള ഭാഗത്തു നിന്നു താഴേക്കു വീണാണു ചരിഞ്ഞതെന്നാണു നിഗമനം. ഏതാനും ദിവസങ്ങളായി കോളർ ഐഡിയിൽ നിന്നു വിവരം ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു ജഡം കണ്ടെത്തിയത്.
ധർമപുരി ജില്ലയിൽ കൃഷിയിടങ്ങൾ നശിപ്പിക്കുകയും മറ്റു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്‌ത ആനയെ വനംവകുപ്പ് പിടികൂടി ആനമലയ്ക്കു സമീപമുള്ള സരളപതി ഗ്രാമത്തിലേക്കു കൊണ്ടുവന്നിരുന്നു. ഇവിടെയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും നാട്ടുകാർക്ക് ഭീഷണിയാവുകയും ചെയ്ത ആനയെ പിടികൂടി ഉൾക്കാട്ടിൽ വിടാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു.
ജൂലൈ 30നു മയക്കുവെടിവച്ചു പിടികൂടി ലോറിയിൽ എത്തിച്ചാണ് കഴുത്തിൽ കോളർഐഡി ഘടിപ്പിച്ച് ചിന്നക്കല്ലാർ വനത്തിൽ തുറന്നുവിട്ടത്. ആന ഈ ഭാഗത്തെ തോട്ടം തൊഴിലാളികളുടെ ജീവനു ഭീഷണിയാണെന്ന് ആരോപിച്ച് എംഎൽഎയുടെ ഉൾപ്പെടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. മറ്റെവിടേക്കെങ്കിലും ആനയെ മാറ്റണമെന്നായിരുന്നു ആവശ്യം.
അക്കാമല, നടുമല, സിരുകുണ്ടറ, സിങ്കോണ, നല്ലകാത്തു, ഉരുളിക്കൽ എന്നീ തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ശക്തി എസ്റ്റേറ്റിലേക്ക് ആന എത്തിയതെന്നു വനംവകുപ്പ് അധികൃതർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർ അടക്കം ഇന്നലെ ജഡം സന്ദർശിച്ചു. പിന്നീട് പോസ്റ്റ്മോർട്ടം നടത്തി. സരളപതിയിൽ കുങ്കിയാനകൾ ഉൾപ്പെടെ ദിവസങ്ങളോളം ക്യാംപ് ചെയ്താണ് മോഴയെ പിടികൂടിയത്.