ഊട്ടറ പുതിയ പാലത്തിന്റെ ഡിസൈൻ ചെന്നൈ ഐഐടി അംഗീകരിച്ചു

Mail This Article
കൊല്ലങ്കോട് ∙ ഊട്ടറയിൽ പുതിയ പാലം നിർമിക്കാൻ തയാറാക്കിയ ഡിസൈനിനു ചെന്നൈ ഐഐടിയുടെ അംഗീകാരം ലഭിച്ചു. സാങ്കേതിക അനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി ടെൻഡർ ചെയ്യും. ഗായത്രിപ്പുഴയ്ക്കു കുറുകെയുള്ള നിലവിലെ ഊട്ടറപ്പുഴ പാലത്തിനു ബലക്ഷയം സംഭവിച്ചതിനെ തുടർന്നു പുതിയ പാലം നിർമിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നു. ഊട്ടറപ്പാലത്തിനും റെയിൽവേ മേൽപാലത്തിനുമായി 20 കോടി രൂപയാണ് അനുവദിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് ലിമിറ്റഡ് (റൈറ്റ്സ്) പുതിയ പാലത്തിന്റെ ഡിസൈൻ തയാറാക്കി. ഇത് ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിശോധിച്ച് അംഗീകാരം നൽകുകയായിരുന്നു. ചെന്നൈ ഐഐടിയുടെ അംഗീകാരം ലഭിച്ചതോടെ ഈ ആഴ്ച ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഊട്ടറയിൽ പുതിയ പാലം നിർമിക്കാനുള്ള സാങ്കേതിക അനുമതി നൽകും.
നിലവിലെ പാലത്തിനു പടിഞ്ഞാറു മാറി പുതിയ പാലം നിർമിക്കാനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ നടത്തിയിട്ടുള്ളതിനാൽ ഡിസൈനിന് അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്കു കടക്കാൻ കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു കിഫ്ബി നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഈ ആഴ്ച സാങ്കേതിക അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്യാനാണു കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ നീക്കം.
നിലവിലെ പാലത്തിൽ കുഴി രൂപപ്പെട്ടതിനെ തുടർന്ന് അരക്കോടിയോളം രൂപ ചെലവിട്ടാണു പാലം ബലപ്പെടുത്തിയത്. വലിയ വാഹനങ്ങൾ ഒഴിവാക്കാൻ 3 മീറ്റർ ഉയരത്തിൽ ട്രാഫിക് ബാരിയർ സ്ഥാപിച്ചെങ്കിലും അതു ചരക്കു ലോറികൾ പലതവണ ഇടിച്ചു തകർത്തതിനാൽ ഇപ്പോൾ പാലം തുറന്നു കിടക്കുകയാണ്. ബലക്ഷയ ഭീഷണിയുള്ള പാലത്തിലുള്ള 30–40 ടൺ ഭാരം കയറ്റിയ ലോറികൾ പോകുന്നുണ്ട്. ഇനിയൊരു പ്രശ്നം ഉണ്ടാകുന്നതിനു മുൻപു പുതിയ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുകയാണു ലക്ഷ്യം വയ്ക്കുന്നത്.
പുതിയ പാലം എങ്ങനെ
6.39 കോടി രൂപ ചെലവിട്ടു ഗായത്രിപ്പുഴയ്ക്കു കുറുകെ ഊട്ടറയിൽ പുതിയ പാലം നിർമിക്കാനുള്ള ഡിസൈൻ ആണു റൈറ്റ്സ് തയാറാക്കി ചെന്നൈ ഐഐടിക്കു സമർപ്പിച്ചത്. ഇതു പരിശോധിച്ച ഐഐടിയിലെ വിദഗ്ധസംഘം ആവശ്യമായ തിരുത്തലുകൾ വരുത്തി ഡിസൈനിന് അംഗീകാരം നൽകുകയായിരുന്നു. 30 മീറ്റർ നീളം വരുന്ന രണ്ടു സ്പാനുകൾ ചേർന്ന് 60 മീറ്ററാണു പ്രധാന പാലം ഉണ്ടാവുക. ഇതിനൊപ്പം അപ്രോച്ച് റോഡ് കൂടെ ചേരുമ്പോൾ 190 മീറ്ററിൽ പുതിയ പാലത്തിനായി റോഡ് നിർമിക്കും.
വലിയ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുന്ന വിധത്തിൽ 7.5 മീറ്റർ വീതിയിൽ പ്രധാന പാതയുണ്ടാവും. പുതിയ പാലത്തിന്റെ ഇരുവശവും കാൽനടക്കാർക്കു പ്രയോജനപ്പെടുന്ന വിധത്തിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. നടപ്പാതയടക്കം 11 മീറ്റർ വീതിയിലാണു പുതിയ പാലം നിർമിക്കാനുള്ള ഡിസൈനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.