ADVERTISEMENT

പട്ടാമ്പി ∙ റോഡ് നവീകരണം ജലവിതരണം മുടക്കിയതായി പരാതി. പട്ടാമ്പി കുളപ്പുള്ളി പാതയിൽ വാടാനാംകുറുശി, പോക്കുപ്പടി പ്രദേശങ്ങളിലാണ് റോഡ് വീതി കൂട്ടി നവീകരണം പുരോഗമിക്കുന്നത്. റോഡ് വീതി കൂട്ടാൻ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയപ്പോൾ നേരത്തെ മണ്ണിനടിയിൽ ഇട്ടിരുന്നു ജലവിതരണ പൈപ്പുകൾ പെട്ടിയതാണ് ജലവിതരണം മുടങ്ങാൻ കാരണമായത്. വാടാനാംകുറുശി, പേ‍ാക്കുപ്പടി കള്ളാടിപ്പറ്റ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ രണ്ടാഴ്ചയായി ജലവിതരണം മുടങ്ങിയതായാണ് പരാതി.  പെ‍ാട്ടിയ പൈപ്പുകൾ നന്നാക്കാനും ജലവിതരണ തടസ്സം നീക്കാനും വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന്      നാട്ടുകാർക്ക് പരാതിയുണ്ട്. അതേ സമയം പെ‍ാട്ടിയ പൈപ്പുകൾ ഇടയ്ക്ക് നന്നാക്കുന്നുണ്ടെങ്കിലും റോഡ് പണി നടക്കുന്നതിനാൽ വീണ്ടും പെ‍ാട്ടുന്നതാണെന്ന് ജല അതോറിറ്റി അധികൃതരും പറയുന്നു.

മണ്ണിനടിയിലെ പൈപ്പുകൾ പലയിടത്തായി പൊട്ടിയതിനാൽ നന്നാക്കാനാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.  അതേസമയം റോഡ് വീതി കൂട്ടുമ്പോൾ ജല അതോറിറ്റി പൈപ്പിന്റെ കാര്യം അറിയിച്ചെങ്കിലും അത് കണക്കിലെടുക്കാതെ മണ്ണ് മാറ്റുകയായിരുന്നെന്നും പൈപ്പ് പെ‍ാട്ടിയാൽ വാട്ടർ അതോറിറ്റി നന്നാക്കുമെന്നറിയിച്ച് റോഡ് പണി തുടരുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.  ജല അതോറിറ്റി ഉദ്യേ‍ാഗസ്ഥരും പൊതുമരാമത്ത് വകുപ്പ് അധികൃതരും  കൂടിയാലേ‍ാചിക്കാതെ റോഡ് പണി നടത്തുന്നതാണ് ഇതിനെല്ലാം  കാരണമെന്ന് പരാതിയും ഉയർന്നിട്ടുണ്ട്. റേ‍ാഡ് പണി പൂർത്തീകരിക്കുന്നതിന് മുൻപ് ജല അതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപ്പണികൾ തീർത്തില്ലെങ്കിൽ നന്നാക്കിയ റോഡ് വീണ്ടും പൊളിക്കേണ്ടി വരും. 

അതേ സമയം നിർത്തിവച്ച പമ്പിങ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പമ്പിങ് തുടരാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചാൽ നവീകരണം നടക്കുന്ന റോഡിന്റെ നടുവിൽ വെള്ളം പെ‍ാങ്ങാനും റോഡ് പണി മുടങ്ങാനും സാധ്യതയുണ്ട്. ജലവിതരണം മുടക്കിയുള്ള റോഡ് പണി അനുവദിക്കാനാകില്ലെന്നും പണി തടയേണ്ടി വരുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി. പഞ്ചായത്ത് 5ാം വാർഡിൽ താമാനിക്കര ലക്ഷം വീട് കോളനിയിലും നമ്പാടം ലക്ഷം വീട് കോളനിയിലും വാടനാംകുറുശി, പോക്കുപ്പടി, കള്ളാടിപ്പറ്റ, താമാനിക്കര ഭാഗങ്ങളിലെല്ലാം ജലവിതരണം മുടങ്ങി രണ്ടാഴ്ചയായെന്നും ജലവിതരണം പുനഃസ്ഥാപിക്കാൻ  നടപടി വേണമെന്നും പഞ്ചായത്തംഗം എ.കെ. മുഹമ്മദലി   ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com