ADVERTISEMENT

ചിറ്റൂർ ∙ മന്തക്കാട് പൊതുശ്മശാനത്തിൽ അടുത്തടുത്തായി ഒരുക്കിയ ചിതയിൽ 4 സുഹൃത്തുക്കളുടെ യാത്രകൾക്കു വിരാമം. കശ്മീരിലേക്കു പുഞ്ചിരിയോടെ യാത്രയാക്കിയ നാട് ഇന്നലെ ആർത്തലച്ചു പെയ്ത കണ്ണീരോടെയാണ് അവരെ സ്വീകരിച്ചതും അന്തിമമായി വിട ചൊല്ലിയതും. നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (22) എന്നിവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ നിന്ന് ഇന്നലെ പുലർച്ചയോടെയാണു നാട്ടിൽ കൊണ്ടുവന്നത്. ‌ മന്തക്കാട് ശ്മശാനത്തിൽ സംസ്കാരം. മൃതദേഹങ്ങളുമായി ആംബുലൻസ് രാവിലെ ആറോടെയാണു സ്കൂളിലെത്തിയത്. മരിച്ചവർക്കൊപ്പം യാത്രാസംഘത്തിലുണ്ടായിരുന്ന കെ.രാജേഷ്, ആർ.സുനിൽ, എസ്.ശ്രീജേഷ്, കെ.അരുൺ, പി.അജിത്ത്, എസ്.സുജീവ് എന്നിവർ അനുഗമിച്ചു. 

ഇവരെ സ്കൂൾ മുറിയിലാണ് ഇരുത്തിയതെങ്കിലും ഇത്തിരി നേരമെങ്കിലും കൂട്ടുകാർക്കൊപ്പമിരിക്കണമെന്ന് ഇവർ നിലവിളിയോടെ പറയുന്നുണ്ടായിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ.കൃഷ്ണൻകുട്ടി ആദരാഞ്ജലി അർപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾക്കൊപ്പം തഹസിൽദാർ എൻ.എൻ.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.മുരുകദാസ് എന്നിവരും ഉണ്ടായിരുന്നു. ഷാഫി പറമ്പിൽ എംഎൽഎ, എഡിഎം കെ.മണികണ്ഠൻ, ആർഡിഒ ഡി.അമൃതവല്ലി, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കോൺഗ്രസ് നേതാവ് സി.ചന്ദ്രൻ, സിപിഐ നേതാവ് കെ.പി.സുരേഷ്‌ രാജ്, മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനെത്തി.

അവർ പിന്നാലെയുണ്ടെന്നു കരുതി യാത്ര തുടർന്നു, പക്ഷേ...
(കശ്മീരിലെ അപകടത്തിൽ മരിച്ച സുധീഷിന്റെ സഹോദരൻ സുജീവ് ദുരന്തത്തെക്കുറിച്ചു പറയുന്നു. സുജീവും യാത്രാസംഘത്തിൽ ഉണ്ടായിരുന്നു)എത്ര ചിത്രമെടുത്താലും മതിയാകില്ല. ഞങ്ങളുടെ ടൂറിന്റെ ചിത്രങ്ങൾ  കാണാൻ കൂട്ടുകാർ നാട്ടിൽ കാത്തിരിക്കുകയാണെന്നു യാത്രയിൽപരസ്പരം പറയുമായിരുന്നു. കശ്മീരിലെ സീറോ പോയിന്റിലെത്തി കാഴ്ചകൾ കണ്ടു മടങ്ങുകയായിരുന്നു. വാടകയ്ക്കെടുത്ത 2 വണ്ടികളിൽ ആദ്യത്തേതിൽ ഞങ്ങൾ 6 പേർ കയറി. ബാക്കിയുള്ള 7 പേർ അടുത്ത  ജീപ്പിലും. വഴിയിലെ കാഴ്ചകൾ പകർത്തി വരുന്നതിനാൽ അവർ ഞങ്ങൾക്കു പിന്നാലെയായിരുന്നു. അവരും ഒപ്പം എത്തുമെന്നു കരുതി ഞങ്ങൾ സോനാമാർഗിലേക്കു തിരിച്ചു. 15 കിലോമീറ്ററോളം കഴിഞ്ഞിട്ടും അവരുടെ വാഹനം കാണുന്നില്ല.  കുറച്ചുദൂരം ചെന്നപ്പോൾ ആംബുലൻസുകളും മറ്റു രക്ഷാപ്രവർത്തന വാഹനങ്ങളും പോകുന്നതു കണ്ടപ്പോൾ പന്തികേടു തോന്നി.

അപ്പോഴും ഞങ്ങളുടെ വാഹനത്തിനാണു ദുരന്തമെന്നു കരുതിയില്ല. ഭാഷ വശമില്ലാത്തതിനാൽ കാര്യങ്ങൾ ചോദിച്ചറിയാൻ ബുദ്ധിമുട്ടി. ട്രാവൽ ഏജൻസിയിൽ പ്രവർത്തിക്കുന്ന മലയാളികൾ എത്തിയതോടെയാണ് ആശയവിനിമയം നടത്താൻ കഴിഞ്ഞത്. പിന്നീട് പൊലീസും മറ്റ് ഉദ്യോഗസ്ഥരുമെത്തി ഞങ്ങളെ സോനാമാർഗിലുള്ള ഹോട്ടലിലേക്കു മാറ്റി.  വാഹനം കൊക്കയിലേക്കു മറിയുന്നതിനിടയിൽ തെറിച്ചു വീണ 3 പേരാണു പരുക്കുകളോടെ രക്ഷപ്പെട്ടത്. വാഹനത്തിന്റെ മുൻപിലിരുന്ന രാജേഷും അരുണും മുൻവശത്തെ ചില്ലു തകർന്നാണു തെറിച്ചു വീണത്.  അപകടത്തിനിടെ പുറത്തേക്കു തെറിച്ച അനിൽ  അപ്പോൾ സംസാരിച്ചിരുന്നെങ്കിലും ആശുപത്രിയിലെത്തുന്നതിനിടെ മരിച്ചു.  ഒടുവിൽ ഞെട്ടലോടെ ഞങ്ങൾ അറിഞ്ഞു അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് ഇവർ ഇനിയില്ലെന്ന്. ഞങ്ങൾക്കു മുഴുവൻ സമയവും സഹായവുമായി ഒട്ടേറെ മലയാളി യുവാക്കൾ അവിടെയെത്തി. താമസസൗകര്യം ഒരുക്കിയതു മുതൽ വിമാനത്തിൽ കയറ്റി വിടുന്നതു വരെ ഒപ്പമുണ്ടായിരുന്നു.

നീതു രാഹുലിനു കാത്തുവച്ചു,  ചോക്കലേറ്റും പനിനീർപ്പൂവും
പ്രിയതമന് ഏറെ ഇഷ്ടമുള്ള പനിനീർപ്പൂവും  ചോക്ലേറ്റും നൽകി രാഹുലിനു നീതുവിന്റെ അവസാന യാത്രാമൊഴി. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ, ഏറെ ആഘോഷമായാണു രാഹുലും നീതുവും ജീവിതത്തിലേക്കു കടന്നത്. ഫെബ്രുവരി അഞ്ചിനായിരുന്നു വിവാഹം.  പ്രണയിക്കുമ്പോഴും വിവാഹത്തിനു ശേഷവും ഇരുവരും സമ്മാനമായി പനിനീർപ്പൂവും ചോക്ലേറ്റും നൽകിയാണു സ്നേഹം കൈമാറിയിരുന്നത്.അപകടത്തിൽ മരിച്ച സുധീഷിന്റെ വിവാഹവും ഈ വർഷം ഫെബ്രുവരി ഒൻപതിനായിരുന്നു. മാലിനിയാണു സുധീഷിന്റെ ഭാര്യ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com