ADVERTISEMENT

വിളയൂർ ∙ പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്നം സഫലമാക്കാന്‍ പഞ്ചായത്ത് സ്ഥലം തേടുന്നു. കായിക പ്രേമികളുടെ നാടെന്ന ഖ്യാതി കേട്ട വിളയൂരില്‍ സ്വന്തമായി ഒരു കളി സ്ഥലം എന്ന ആവശ്യം യാഥാര്‍ഥ്യമാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. വര്‍ഷങ്ങളായി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തി വരുന്ന പഞ്ചായത്താണിത്. സ്കൂള്‍ കായിക മേളകള്‍ക്ക് പുറമേ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഒട്ടേറെ കായിക മത്സരങ്ങളും ഇവിടെ നടക്കാറുണ്ട്. ദേശീയ തലത്തിലെത്തിയ കായിക താരങ്ങളും പഞ്ചായത്തിലുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി 2 ഹൈസ്കൂളുകളുണ്ടെങ്കിലും ഇവിടെ സൗകര്യപ്രദമായ ഗ്രൗണ്ടുകളില്ല. 

 പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ അടക്കം പഞ്ചായത്തിനു പുറത്തുള്ള ഗ്രൗണ്ടുകളിലോ കൊയ്തൊഴിഞ്ഞ പാടങ്ങളിലോ പോയി വാടക നല്‍കിയാണ് ഫുട്ബോള്‍ മേളകളും പരിശീലനവും നടത്തുന്നത്. വിളയുര്‍ പഞ്ചായത്തിലെ പാലോളികളമ്പിനോടു ചേര്‍ന്ന മുള്ളന്‍മടയിലെ ഗ്രൗണ്ടിലായിരുന്നു ഇതുവരെ കായിക പരിശീലനം നടത്തിയിരുന്നത്. എന്നാല്‍ ഇത് സ്വകാര്യ സ്ഥലമായതിനാല്‍ പല ആവശ്യങ്ങള്‍ക്കും വിട്ടു കൊടുക്കേണ്ടി വരാറുണ്ട്. ഇവിടെ കളിക്കാനുള്ള സൗകര്യങ്ങളും കുറവാണ്. 

 കുപ്പൂത്ത് അഭിലാഷ് ക്ലബ്, വള്ളിയത്ത്കുളമ്പ് യങ് ബോയ്സ് എന്നിവരാണ് കായിക മേഖലയില്‍ പഞ്ചായത്തിലെ സജീവമായ ക്ലബ്ബുകള്‍. കണ്ടേങ്കാവിലും എടപ്പലത്തും കരിങ്ങനാട്ടും ക്ലബ്ബുകളുണ്ട്. സ്വന്തമായി കളിമൈതാനങ്ങള്‍ ഇല്ലാത്തതിനാല്‍ വർഷങ്ങളായി പാടശേഖരങ്ങളില്‍ ഫുട്ബോള്‍ മത്സരം നടത്താറുള്ള അഭിലാഷ് ക്ലബ് കഴിഞ്ഞ വര്‍ഷം കരിങ്ങനാട്ടാണ് ദേശീയ സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തിയത്. ഇത്തവണയും കരിങ്ങനാട്ടു തന്നെ സെവന്‍സ് ഫുദ്ബോള്‍ മത്സരം നടത്താനാണ് ആലോചന. സീസണില്‍ ആദ്യ സെവൻസ് ഫുട്ബോള്‍ മത്സരം കഴിഞ്ഞ ദിവസം കൊപ്പത്ത് സമാപിച്ചിരുന്നു. 

 അടുത്തത് അഭിലാഷ് ക്ലബ്ബിന്റെ ഫുട്ബോള്‍ മത്സരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെവന്‍സ് ഫുട്ബോള്‍ കമ്മിറ്റി അസോസിയേഷന്‍ ഒരു മാസം മുന്‍പ് കരിങ്ങനാട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം കായിക പരിശീലനത്തിനും ഫുട്ബോള്‍ മത്സരങ്ങള്‍ക്കും സ്വന്തമായി കളിസ്ഥലങ്ങള്‍ ഒരുക്കണമെന്നും സ്കൂള്‍ ഗ്രൗണ്ടുകള്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനു വിട്ടു നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 കായിക പ്രേമികളുടെയും ക്ലബ്ബുകളുടെയും ശക്തമായ ആവശ്യം പരിഗണിച്ചാണ് വിളയൂര്‍ പഞ്ചായത്ത് ഭരണ സമിതി സ്വന്തമായി സ്ഥലം തേടുന്നത്. സ്ഥലം വില്‍ക്കാന്‍ തയാറുള്ളവരില്‍ നിന്ന് സൗജന്യമായോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലോ സ്ഥലം വിട്ടു തരാന്‍ അപേക്ഷ ക്ഷണിച്ചു പഞ്ചായത്ത് നോട്ടിസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് 25 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നീക്കി വച്ചിട്ടുണ്ടെന്നും സ്ഥലം കിട്ടിയാല്‍ സ്റ്റേഡിയം പണിയുന്നതിന് മുഹമ്മദ് മുഹസിൻ എംഎല്‍എ ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പഞ്ചായത്ത് അധ്യക്ഷ എം.കെ.ബേബി ഗിരിജ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com