ADVERTISEMENT

ചിറ്റൂർ ∙ വിനോദയാത്രയ്ക്കിടെ കശ്മീരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച നെടുങ്ങോട് സ്വദേശി എം.മനോജിന് (25) നാടിന്റെ യാത്രാമൊഴി. ഇന്നലെ രാവിലെ അഞ്ചരയോടെ നാട്ടിലെത്തിച്ച മൃതദേഹം 2 മണിക്കൂറോളം വീട്ടുമുറ്റത്തു പൊതുദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു. അപകടത്തിൽ മരിച്ച നാലു സുഹൃത്തുക്കളെയും സംസ്കരിച്ച മന്തക്കാട് പൊതുശ്മശാനത്തിലാണ് മനോജിനും ചിതയൊരുക്കിയത്.

ശ്രീനഗറിൽനിന്നു വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് ആംബുലൻസിൽ നെടുങ്ങോട്ടിലെ വീട്ടിലെത്തിച്ചത്. ബന്ധുക്കൾക്കൊപ്പം ചിറ്റൂർ തഹസിൽദാർ എൻ.എൻ.മുഹമ്മദ് റാഫിയും ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.മുരുകദാസും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തി. 

പൊതുദർശനത്തിനു ശേഷം മൃതദേഹം മന്തക്കാട് ശ്മശാനത്തിലേക്കു കൊണ്ടുപോയി. കഴിഞ്ഞ ദിവസം കൂട്ടുകാരെ ദഹിപ്പിച്ചതിനു തൊട്ടരികിലായി ബന്ധുവായ ആഞ്ജനേയൻ മനോജിന് അന്ത്യകർമങ്ങൾ നടത്തി ചിതയ്ക്ക് അഗ്നി പകർന്നു. രാവിലെ 6 മണിയോടെ മന്ത്രി കെ.കൃഷ്ണൻകുട്ടി ആദരാഞ്ജലി അർപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, പഞ്ചായത്തംഗവും സിപിഐ ചിറ്റൂർ മണ്ഡലം നിർവാഹക സമിതിയംഗവുമായ കെ.മുത്തു എന്നിവരും അന്തിമോപചാരമർപ്പിച്ചു. 

കഴിഞ്ഞ 30നാണ് നെടുങ്ങോട്‌ നിന്നു പതിമൂന്നംഗ സംഘം കശ്മീരിലേക്കു വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗർ-ലേ പാതയിൽ വച്ച് ഇവരി‍ൽ 7 യുവാക്കൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നു. നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (22) എന്നിവരും ഡ്രൈവർ കശ്മീർ സത്രീന കൻഗൻ സ്വദേശി അജാസ് അഹമ്മദ് ഷായും അപകടദിവസം തന്നെ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com