ADVERTISEMENT

പട്ടാമ്പി∙ ഈയിടെയുണ്ടായ റെയിൽവേ നടപടിയുടെ ഭാഗമായി നാട്ടിലേക്കും സ്കൂളിലേയ്ക്കുമുള്ള വഴി മുടങ്ങിയതിന്റെ വിഷമത്തിലാണ് പെരുമുടിയൂർ നിവാസികൾ. മുടങ്ങിയ വഴി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതരും പഞ്ചായത്തും. റെയിൽവേയുടെ അനുമതിയും എംപിയുടെയും എംഎൽഎയുടെയും സഹായവും ഉറപ്പാക്കി പഞ്ചായത്തിന്റെയും സ്കൂൾ പിടിഎ കമ്മിറ്റിയുടെയും നാട്ടുകാരുടെയുമെല്ലാം കൂട്ടായ്മയിൽ മുടങ്ങിയ വഴി പുനഃസ്ഥാപിക്കുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്നാണ് നാടിന്റെ ആവശ്യം. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു മെട്രോമാൻ ഇ.ശ്രീധരൻ സ്ഥലം സന്ദർശിച്ച് സഹായവാഗ്ദാനം നൽകിയതു പ്രവർത്തനങ്ങൾക്ക് ഉൗർജം പകരുന്നതാണെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പെരുമുടിയൂർ ഗവ. ഓറിയന്റൽ ഗവ. ഹയർ സെക്കൻഡറി  സ്കൂൾ ആരംഭിച്ച കാലം മുതലുള്ള ആവശ്യമാണ് കുട്ടികൾക്ക് റെയിൽ കടക്കാൻ റെയിൽവേ മേൽപാലമോ, അടിപ്പാതയോ വേണമെന്നത്. 

ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് കുട്ടികളുടെ വഴി മുടക്കിയുള്ള റെയിൽവേ നടപടി. രണ്ടാഴ്ച മുൻപാണ് റെയിൽവേ ഉദ്യോഗസ്ഥർ മണ്ണ് മാന്തി യന്ത്രവുമായെത്തി കുട്ടികൾ നടക്കുന്ന വഴിയിലെ പടികൾ പെ‍ാളിച്ച് മാറ്റിയത്. ഇത് ശ്രദ്ധയിൽപെട്ട പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെയും ഇടപെടലുകളെ തുടർന്ന് പടികൾ പെ‍ാളിക്കൽ താൽക്കാലികമായി നിർത്തിയെങ്കിലും ഇതുവഴിയുള്ള കുട്ടികളുടെയും നാട്ടുകാരുടെയും യാത്ര അനുവദിക്കില്ലെന്നാണ് റെയിൽവേ അധികൃതരുടെ മുന്നറിയിപ്പ്. പട്ടാമ്പി പള്ളിപ്പുറം റോഡിൽ കോയപ്പടിയിൽ ബസ്സിറങ്ങി പാടം വഴി റെയിൽവേ ലൈൻ കടന്ന് സ്കൂളിലേക്ക് എത്തുന്ന എളുപ്പവഴിയാണ് കുട്ടികൾക്ക് റെയിൽവേ തീരുമാനത്തിലൂടെ നഷ്ടമായത്. നാട്ടുകാർ പഞ്ചായത്ത് നേതൃത്വത്തിൽ യോഗം ചേർന്ന് ആക‍്ഷൻ കമ്മിറ്റി രൂപീകരിച്ച് ഡിആർഎമ്മിനെ കണ്ടെങ്കിലും വഴി പുനഃസ്ഥാപിച്ച് നൽകാനാവില്ലെന്ന് റെയിൽവേ അറിയിച്ചു. കുട്ടികൾക്ക് സുരക്ഷിത യാത്രയ്ക്കായി അടിപ്പാത എന്ന നിർദേശം പരിഗണിക്കാമെന്നും അനുമതി നൽകാമെന്നും റെയിൽവേ അറിയിച്ചതായി ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 2000  വിദ്യാർഥികൾ പഠിക്കുന്ന ജിഒഎച്ച്എസ്എസ്, എസ്എൻജിഎൽപിഎസ് എന്നീ സ്കൂളുകളിലേക്കുള്ള വഴിയും. പെരുമുടിയൂർ തറ ഭാഗത്തേക്കുള്ള വഴിയും മുടങ്ങിയ സാഹചര്യത്തിൽ റെയിൽവേ അടിപ്പാത നിർമിച്ചേ മതിയാകു എന്ന നിലപാടിലാണ് നാട്ടുകാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com