മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ നാട്ടുചന്ത സഹകരണ മേഖലയ്ക്കു മാതൃക: മന്ത്രി
Mail This Article
മണ്ണാർക്കാട് ∙ കലർപ്പില്ലാത്ത കരുതലുമായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത മന്ത്രി വി.എൻ.വാസൻ നാടിനു സമർപ്പിച്ചു. വൈവിധ്യങ്ങളുടെ കലവറ ഒരുക്കിയ നാട്ടുചന്ത സഹകരണ മേഖലയ്ക്കു മാതൃകയാണെന്നു മന്ത്രി പറഞ്ഞു. സഹകരണ മേഖലയ്ക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നു ബോധ്യപ്പെടുത്തുന്നതാണു മണ്ണാർക്കാട് റൂറൽ ബാങ്ക് ഒരുക്കിയ നാട്ടുചന്ത. കീടനാശിനിയില്ലാത്ത ഭക്ഷണം പ്രദാനം ചെയ്യുന്ന വിധത്തിൽ ഒരുക്കിയ നാട്ടുചന്ത മണ്ണാർക്കാടിനും സഹകരണ പ്രസ്ഥാനത്തിനും അഭിമാനകരമാണ്.
കേരളത്തിലെ ക്രെഡിറ്റ് സംഘങ്ങളിൽ ഇത്രയധികം വൈവിധ്യങ്ങളുള്ള പദ്ധതികളുമായി മുന്നോട്ടുവന്ന മറ്റൊരു ക്രെഡിറ്റ് സംഘം ഉണ്ടോ എന്നു സംശയമാണ്. ഇതായിരിക്കും കേരളത്തിലെ ആദ്യത്തേത്. ക്രെഡിറ്റ് മേഖലയിൽ അതിന്റെ സമ്പത്ത് ഉപയോഗപ്പെടുത്തി 25,000 ചതുരശ്ര അടി വിസ്തൃതിയിൽ വിശാലമായ മന്ദിരം നിർമിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ചതാണ് നാം ഇവിടെ കാണുന്നത്. പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനി അംശം നീക്കാൻ ഇവിടെത്തന്നെ സജ്ജീകരണം ഒരുക്കിയിരിക്കുന്നു. ഇതു കച്ചവടം മാത്രമല്ല, സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ് തെളിയിക്കുന്നത്. ഇതിനു മേൽനോട്ടം വഹിച്ച ഭരണസമിതിയെയും സെക്രട്ടറി എം.പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ജീവനക്കാരെയും അണിയറ ശിൽപികളെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. ഓസോൺ വാഷ് പ്ലാന്റ് ഗോപി കോട്ടമുറിക്കലും നീതി സൂപ്പർമാർക്കറ്റ് കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി.സഹദേവനും ഹണി പ്രോസസിങ് യൂണിറ്റ് നബാർഡ് ഡപ്യൂട്ടി മാനേജർ എസ്.സജീവും റൈപ്പനിങ് ചേംബർ നഗരസഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീറും കോൾഡ് സ്റ്റോറേജ് സിപിഎം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണനും ഫിഷ്– മീറ്റ് സ്റ്റാളുകൾ തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലിയും ഉദ്ഘാടനം ചെയ്തു.
സഹകരണ സംഘം ജോ.റജിസ്ട്രാർ പി.ഉദയൻ, സഹകരണസംഘം ജോ.ഡയറക്ടർ വിജയലക്ഷ്മി, ബാങ്ക് പ്രസിഡന്റ് പി.എൻ.മോഹനൻ, സെക്രട്ടറി എം.പുരുഷോത്തമൻ, കൗൺസിലർ അരുൺകുമാർ പാലക്കുർശ്ശി, സിപിഐ മണ്ഡലം സെക്രട്ടറി എ.കെ.അബ്ദുൽ അസീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സലാം, ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ്, ബാങ്ക് വൈസ് പ്രസിഡന്റ് റഷീദ് ബാബു എന്നിവർ പ്രസംഗിച്ചു. ഗ്രാമിക ഫോക് ബാൻഡ് നാടൻപാട്ടുകൾ ദൃശ്യാവിഷ്കാരങ്ങൾ നടത്തി.