നഗര ഗതാഗതം: ഉപദേശക സമിതി യോഗം 13ന്
Mail This Article
പാലക്കാട് ∙ നഗര ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാനുള്ള നടപടികളുടെ ഭാഗമായി 13നു ഗതാഗത ഉപദേശക സമിതി യോഗം വിളിച്ചു. സമിതി അധ്യക്ഷകൂടിയായ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരനാണ് യോഗം വിളിച്ചത്. ഏറെ മാസങ്ങൾക്കു ശേഷമാണു നഗരസഭ ഗതാഗത ഉപദേശക സമിതി വിളിക്കുന്നത്. നഗരത്തിലെ അശാസ്ത്രീയ ഗതാഗത സംവിധാനം പരിഷ്കരിക്കുകയാണു പ്രധാന അജൻഡ. ഒപ്പം അപകട സാഹചര്യങ്ങളും ചർച്ച ചെയ്തു പരിഹാരം ആരായും. ഹെഡ്പോസ്റ്റ് ഓഫിസ് റോഡ് വഴി വരുന്ന വാഹനങ്ങൾക്ക് സുൽത്താൻപേട്ട വഴി നേരിട്ട് കോർട്ട് റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. എസ്ബിഐ ജംക്‌ഷനിലും സമാന ഗതാഗത നിയന്ത്രണം ഉണ്ട്. ഇതു ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന് നഗരസഭ ഒട്ടേറെത്തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
നഗരത്തിൽ പരസ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഡിവൈഡർ പ്രളയവും നിയന്ത്രിക്കാനാണു തീരുമാനം. പൊലീസ്, മോട്ടർവാഹന, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. നഗരത്തിൽ പല റോഡുകളിലും സീബ്രാലൈൻ മാഞ്ഞു കിടക്കുകയാണ്. സുൽത്താൻപേട്ടയിലെ നിലവിലെ ഗതാഗത രീതിയും ഏറെ അപകടകരമാണ്. ഇവിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയ പൊലീസ് അപകട സാഹചര്യം ഒഴിവാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രണ്ടോ, മൂന്നോ മാസത്തിലൊരിക്കലെങ്കിലും ഗതാഗത ഉപദേശക സമിതി യോഗം വിളിക്കണമെന്നും നിർദേശമുണ്ട്.