മണ്ണാർക്കാട്ട് മൂന്നിടത്ത് തീപിടിത്തം
Mail This Article
മണ്ണാർക്കാട്∙ മണ്ണാർക്കാട് മേഖലയിൽ തീപിടിത്തം കൂടുന്നു. ഇന്നലെ മൂന്നിടത്താണ് അഗ്നിബാധയുണ്ടായത്. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം വൻ നാശനഷ്ടങ്ങൾ ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു വട്ടമ്പലം സ്വകാര്യ സ്ഥാപനത്തിനു അരികിൽ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന കുതിച്ചെത്തിയതിനാൽ സമീപത്തെ മരമില്ലിലേക്ക് തീ പടരാതെ കാക്കാൻ കഴിഞ്ഞു. മൂന്നു മണിക്ക് തെങ്കര മൂത്താരു കാവിനു സമീപം അബ്ദുൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിന് സമീപത്തെ ഉണക്ക പുല്ലിന് തീപിടിച്ചു. സേന എത്തി തീ അണച്ചതിനാൽ 8 ഏക്കർ റബർ തോട്ടത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു.
അഞ്ചുമണിക്ക് ആര്യമ്പാവിലെ മേലെ അരിയൂരിൽ പറമ്പിലെ പുല്ലിനു തീപിടിച്ചു. സ്ഥലം ഉടമ അബ്ദുൽ ഖാദർ സേനയെ വിളിച്ചതിനെ തുടർന്ന് സേനയെത്തി തീ അണച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.കെ. ഗോവിന്ദൻകുട്ടി. ഗ്രേഡ് എസ്ടിഒ കെ. മണികണ്ഠൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.സജിത്ത് മോൻ, എസ്.അനി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി..സുരേഷ് കുമാർ, എം.മഹേഷ്, കെ.വി.സുജിത്ത്, ഒ.എസ്.സുഭാഷ്, വി.നിഷാദ്, എം. അബ്ദുൽ ജലീൽ, എഫ്ആർഒഡി എം.ആർ.രാഗിൽ എന്നിവർ അഗ്നിശമന പ്രവർത്തനത്തിൽ പങ്കാളികളായി.