ADVERTISEMENT

വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാത നിർമാണത്തിനെന്ന പേരിൽ ചുവട്ടുപാടം, ശങ്കരംകണ്ണന്‍തോട് ഭാഗങ്ങളിലെ കുന്ന് ഇടിച്ചു നിരത്തി കല്ലും മണ്ണും കട‌ത്തിയ സംഭവത്തില്‍ നിര്‍മാണ കമ്പനിയായ കെഎംസിക്കു വില്ലേജ് അധികൃതര്‍ പിഴയിട്ടത് 21.59 ലക്ഷം രൂപ. കഴിഞ്ഞ ആറു മാസത്തിനുള്ളിലെ കണക്കാണിത്.

എൻഎച്ച്എഐ വർക്ക് എന്ന ബോർഡ് വച്ചു കുന്നിടിച്ച് നിരത്തി അയൽ ജില്ലകളിലേക്കുവരെ വൻതോതിൽ മണ്ണും കല്ലും കടത്തിയിട്ടുണ്ട്.  ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതിയില്‍ വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫിസര്‍ ടി.എസ്.ശ്രീകല, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ എസ്.ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു സ്റ്റോപ്പ് മെമ്മോ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തത്. ഇതിനു പുറമേ മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ള വാഹനങ്ങളും പിടിച്ചെടുത്തു.

പാറ, മണ്ണ് ഖനനം ചെയ്തതിന്റെ കണക്കു ജിയോളജിക്കൽ വകുപ്പിനു കൈമാറിയിട്ടുമുണ്ട്. വകുപ്പിന്റെ അനുമതിയോടെ ദേശീയപാതയ്ക്കായി മണ്ണു കൊണ്ടുപോകുന്നതിന്റെ പാസ് ഉപയോഗപ്പെടുത്തിയാണു മണ്ണ് കടത്തിയത്. ദേശീയപാത വികസനത്തിന് അനുമതിയോടെ തേനിടുക്കിൽ മൂന്നു കുന്നുകൾ ഇ‌ടിച്ചു മണ്ണെടുത്തിരുന്നു.

നിശ്ചിത സമയത്തിനുള്ളിൽ നിബന്ധനകൾക്ക് വിധേയമായി മണ്ണ് എടുക്കൽ പൂർത്തിയാക്കണമെന്നാണു നിയമം. അതിനു സാധിച്ചില്ലെങ്കിൽ വീണ്ടും അനുമതി തേടണം. ഇതൊന്നും പാലിക്കാതെ രാത്രി മണ്ണു കടത്തിയതാണു പിടികൂടിയത്. സ്റ്റോപ്പ് മെമ്മോ കൊടുത്ത മണ്ണാംപറമ്പ്, വയറംകോട്, ചുവട്ടുപാടം, ശങ്കരംകണ്ണൻതോട് എന്നീ ഭാഗങ്ങളിൽ നിന്ന് ഇപ്പോഴും മണ്ണു കടത്തു നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com