പാലക്കാട് നഗരസഭയ്ക്ക് 20 കോടി രൂപയുടെ കേന്ദ്രസഹായം
Mail This Article
പാലക്കാട് ∙ നഗരത്തിൽ നിർമാണം സ്തംഭിച്ചു കിടക്കുന്ന നഗരസഭ കോംപ്ലക്സുകളുടെ പൂർത്തീകരണത്തിനായി കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം 20 കോടി രൂപ അനുവദിച്ചു. വിവിധ പദ്ധതികൾക്കായി സംസ്ഥാനമൊട്ടാകെ 690 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിലുൾപ്പെടുത്തിയാണ് പാലക്കാട് നഗരസഭയ്ക്കും കേന്ദ്ര സഹായം ലഭിച്ചത് .
∙ ഐഎംഎ–സ്റ്റേഡിയം ബൈപാസിൽ നഗരസഭയുടെ ജൈവച്ചന്ത
∙ സുൽത്താൻപേട്ടയിലുള്ള ഷോപ്പിങ് കോംപ്ലക്സ്
∙ ഒലവക്കോട് ശുചിമുറി സഹിതമുള്ള വിശ്രമ കേന്ദ്രം
∙ ടൗൺഹാൾ അനക്സ് നിർമാണ പ്രവർത്തനങ്ങൾക്കാണു തുക അനുവദിച്ചിട്ടുള്ളത്.
നഗരസഭ വിവിധ പ്രോജക്ടുകളിൽ ഉൾപ്പെടുത്തി ആരംഭിച്ച ഇത്തരം പ്രവൃത്തികൾ വേണ്ടത്ര തുകയില്ലാതെ പാതിവഴിയിൽ സ്തംഭിച്ചുകിടക്കുകയാണ്. നഗരസഭയ്ക്കു കൂടുതൽ വരുമാനം ലഭിക്കുന്ന പദ്ധതികളാണിത്. വരുമാന സ്രോതസ്സെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണു കേന്ദ്രസഹായം. പ്രവൃത്തികൾ 2024 ജൂൺ 31നു മുൻപു പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര സഹായം കൂടി ലഭിച്ചതോടെ പരമാവധി വേഗത്തിൽ പദ്ധതികൾ പൂർത്തീകരിക്കുമെന്ന് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ അറിയിച്ചു.