കുറുവ സംഘത്തെ അടിച്ചൊതുക്കി, പക്ഷേ തൊണ്ടിമുതലായി കെട്ടിക്കിടക്കുന്നത് നൂറുപവൻ സ്വർണം!
Mail This Article
ചിറ്റൂർ ∙ നാടിന്റെയാകെ പേടിസ്വപ്നമായിരുന്ന ‘കുറുവ ’ മോഷണസംഘത്തിൽ നിന്നു പൊലീസ് വീണ്ടെടുത്ത നൂറുപവനിലേറെ മുപ്പതുവർഷമായി കോടതികളിൽ ‘തൊണ്ടി മുതലായി ’ കെട്ടിക്കിടക്കുന്നു. അറസ്റ്റിലായ കുറുവ സംഘങ്ങൾ പലതും ജാമ്യത്തിലിറങ്ങി മുങ്ങി. പിടിക്കുമ്പോൾ തന്നെ അൻപതുവയസ്സിലേറെ ഉണ്ടായിരുന്നവർ ജീവിച്ചിരിക്കുന്നുണ്ടോയെന്നു പോലും വ്യക്തമല്ല. ഇത്തരം കേസുകളിൽ പരാതിക്കാർക്കു സ്വർണം കോടതി മുഖേന തിരികെ ലഭിക്കുമെങ്കിലും ഭൂരിഭാഗം പേർക്കും കിട്ടിയിട്ടില്ല.
1988 മുതൽ 1995 വരെ ജില്ലയിൽ കുറുവ സംഘത്തിന്റെ സാന്നിധ്യം സജീവമായിരുന്നു. വാതിൽ അടിച്ചു തകർത്തു വീടുകളിൽ കയറുന്ന സംഘം വ്യാപകമായി മോഷണം നടത്തി. സാഹസികമായ ശ്രമത്തിനൊടുവിൽ കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂങ്കിൽമടയിൽവച്ച് അന്നത്തെ എസ്ഐ ജുബി മാത്യുവും സംഘവും കുറുവ സംഘത്തിലെ ആറുപേരെ പിടികൂടി.
പിടിയിലായ പരുത്തിവീരൻ, മധുരവീരൻ, മലയാളത്താൻ, ഗണേശൻ, ശെൽവപാണ്ടി, സുബ്രഹ്മണ്യൻ എന്നിവർ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയിട്ടുണ്ടെന്നു സമ്മതിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 54 കളവുകേസുകൾ റജിസ്റ്റർ ചെയ്തു. വീടുകൾ സ്ഥിരീകരിക്കുകയും 130 പവൻ പിടിച്ചെടുക്കുകയും ചെയ്തു.
കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിൽ–4 , ചിറ്റൂർ–10, പുതുനഗരം–2, കൊല്ലങ്കോട്–8, വാളയാർ–1, ഹേമാംബിക നഗർ–4, കസബ–2, മലമ്പുഴ–3, മങ്കര–1, ആലത്തൂർ–1, ടൗൺ സൗത്ത്–4, നെന്മാറ–2, കുഴൽമന്ദം–1 എന്നിങ്ങനെ കേസെടുത്തു. കണ്ടെടുത്ത സ്വർണം മുഴുവൻ ബന്ധപ്പെട്ട കോടതികളിലേക്കു കൈമാറി. ചിറ്റൂർ കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങിയ പ്രതികളെ പിന്നീട് പിടികൂടാനായിട്ടില്ല.
മോഷ്ടാക്കളിൽ നിന്നു വീണ്ടെടുത്ത സ്വർണം അവകാശികളുടെ കയ്യിലെത്താതെ അതതു കോടതികളിൽ കെട്ടിക്കിടക്കുകയാണെന്ന് അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ട. എസ്ഐയും അന്വേഷണ മികവിനു രാഷ്ട്രപതിയുടെ മെഡൽ നേടിയ വ്യക്തിയുമായ ആർ.രാധാകൃഷ്ണൻ പറയുന്നു. അതേസമയം, പരാതിക്കാർ കോടതിയെ സമീപിച്ചാൽ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഉപാധികളോടെ സ്വർണം തിരിച്ചു നൽകാൻ കഴിയും.
പരാതിക്കാരായ ചിലർ കോടതിയെ സമീപിച്ചു സ്വർണം തിരിച്ചെടുത്തെങ്കിലും കേസിൽ ഭൂരിഭാഗം പേർക്കും സ്വർണം കിട്ടിയില്ല. കോടതിയെ സമീപിക്കാത്തതാണോ സർക്കാർ അഭിഭാഷകർ എതിർത്തതാണോ എന്നു വ്യക്തമല്ല. ഉദ്യോഗസ്ഥർ പലരും വിരമിച്ചതോടെ കേസിന്റെ നടപടികൾ എന്തായെന്നതു സംബന്ധിച്ചും ഇപ്പോൾ സ്റ്റേഷനുകളിൽ നിന്നു വിവരം ലഭ്യമല്ല.