ജില്ലാ കലക്ടറുടെ പേരിൽ ഡപ്യൂട്ടി കലക്ടർക്കു വ്യാജ വാട്സാപ് സന്ദേശം; മുന്നറിയിപ്പുമായി കലക്ടര്‍
![collector--dr-s-chithra-whatsapp-fraud collector--dr-s-chithra-whatsapp-fraud](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2024/3/2/collector--dr-s-chithra-whatsapp-fraud.jpg?w=1120&h=583)
Mail This Article
പാലക്കാട് ∙ ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സാപ് നമ്പറിൽ നിന്നു ഡപ്യൂട്ടി കലക്ടർക്കു സന്ദേശം അയച്ചു തട്ടിപ്പിനു ശ്രമം. താൻ ആരോടും പണം ആവശ്യപ്പെടുന്നില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങൾക്കു മറുപടി നൽകരുതെന്നും കലക്ടർ ഡോ. എസ്.ചിത്ര മുന്നറിയിപ്പു നൽകി. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കലക്ടറുടെ ചിത്രം പ്രൊഫൈലാക്കിയ വാട്സാപ് നമ്പറിൽ നിന്നാണു ലാൻഡ് റിഫോംസ് ഡപ്യൂട്ടി കലക്ടർക്കു സന്ദേശമെത്തിയത്. താൻ കലക്ടറും ജില്ലാ മജിസ്ട്രേട്ടുമായ ഡോ.എസ്.ചിത്രയാണെന്നു പരിചയപ്പെടുത്തിയ ശേഷം ‘താങ്കൾ എവിടെയാണു സർ’ എന്നു ചോദിച്ച് അടുത്ത സന്ദേശം വന്നു.
ഔദ്യോഗിക നമ്പറിൽ നിന്നല്ലാതെ സന്ദേശം ലഭിച്ചപ്പോൾ സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഇതു ഡപ്യൂട്ടി കലക്ടറുടെ ഔദ്യോഗിക നമ്പറാണെന്നു മറുപടി നൽകി. തുടർന്ന് ‘എനിക്ക് താങ്കളുടെ ഒരു സേവനം വേണം’ എന്നു സന്ദേശം വന്നപ്പോൾ കലക്ടറെ വിളിച്ചു കാര്യം തിരക്കി. അപ്പോഴാണു തട്ടിപ്പു മനസ്സിലായത്. ജില്ലാ കലക്ടറുടേതെന്ന പേരിൽ പലരുടെയും ഫോണുകളിലേക്കു വ്യാജസന്ദേശങ്ങളും വാട്സാപ് വിഡിയോ കോളുകളും പോകുന്നതായി കലക്ടർ പറയുന്നു. ഇത്തരം സന്ദേശങ്ങളോടു പ്രതികരിക്കരുതെന്ന് അഭ്യർഥിച്ചു. പല ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഫെയ്സ്ബുക് വഴിയും വാട്സാപ് വഴിയും പണം ചോദിക്കുന്നതു വ്യാപകമാണ്.