ADVERTISEMENT

ഒറ്റപ്പാലം∙ ചുട്ടുപൊള്ളുന്ന വേനലിലും മേഖലയിലെ ശുദ്ധജല വിതരണത്തിൽ തൽക്കാലം ആശങ്ക വേണ്ട. ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസ്സായ ഭാരതപ്പുഴയിലെ മീറ്റ്ന തടയണ നിറഞ്ഞുതുളുമ്പി നിൽക്കുകയാണിപ്പോൾ. വേനൽ മുൻനിർത്തി കഴിഞ്ഞ ഒക്‌ടോബറിൽ തടയണയിലെ 26 ഷട്ടറുകളും അടച്ചായിരുന്നു ജലം സംഭരിച്ചത്. തടയണയിലെ ഷട്ടറുകൾ മാറ്റി സ്ഥാപിച്ചതു വഴി ചോർച്ച പൂർണമായി അടയ്ക്കാനായതു സംഭരണത്തിൽ നിർണായകമായി. മരത്തിൽ നിർമിച്ച ഷട്ടറുകൾക്കു പകരമാണു കഴിഞ്ഞ വർഷം ഉരുക്കു ഷട്ടറുകൾ സ്ഥാപിച്ചത്. 

മണൽത്തിട്ടകൾ പുറത്തു കാണാത്ത വിധം നിറഞ്ഞു നിൽപ്പാണു തടയണ. ഒറ്റപ്പാലം നഗരസഭയിലെയും അമ്പലപ്പാറ പഞ്ചായത്തിലെയും സമഗ്രശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസ്സാണു മീറ്റ്ന തടയണ. പുഴയുടെ മറുകരയിൽ തൃശൂർ ജില്ലയിലെ കാെണ്ടാഴി പോലുള്ള പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികളുടെ സ്രോതസ്സും ഈ തടയണയാണ്. 

ഇവിടെ നിന്നുള്ള  വെള്ളം കയറംപാറയിലെ ട്രീറ്റ്മെന്റ് പ്ലാന്റുകളിലെത്തിച്ചു ശുദ്ധീകരിച്ച ശേഷമാണ് ഒറ്റപ്പാലം നഗരസഭയിലെയും  അമ്പലപ്പാറ പഞ്ചായത്തിലെയും വിവിധ സംഭരണികളിലേക്കു പമ്പ് ചെയ്യുന്നത്. നിലവിൽ ജലവിതരണം സുഗമമായി മുന്നോട്ടു പോകുന്നുണ്ടെന്നും പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 

മീറ്റ്ന, എറക്കോട്ടിരി പ്രദേശങ്ങളിലെയും മറുകരയിൽ കൊണ്ടാഴിയിലെയും പുഴയോരഗ്രാമങ്ങളിൽ കിണറുകൾ ഉൾപ്പെടെ ജലാശയങ്ങളിലും കൃഷിയിടങ്ങളിലും ജലലഭ്യത ഉറപ്പാക്കാനും തടയണ ഏറെ പ്രയോജനപ്പെടുന്നുണ്ട്. കാലവർഷത്തിനു മുൻപു മാത്രമേ തടയണ തുറക്കൂ. 

ടാങ്കറിൽ വിതരണം ചെയ്യുന്നതും മീറ്റ്നയിലെ വെള്ളം
ഒറ്റപ്പാലം നഗരസഭയ്ക്കും അമ്പലപ്പാറ പഞ്ചായത്തിനും പുറമേ, വേനലിൽ സമീപത്തെ ചില തദ്ദേശ സ്ഥാപനങ്ങൾക്കു പരോക്ഷമായും തടയണയുടെ പ്രയോജനം ലഭിക്കുന്നു.   തടയണയിൽ നിന്നു ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ച വെള്ളം ടാങ്കറിലാണു മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്നത്. അനങ്ങനടി, മണ്ണൂർ, തൃക്കടീരി പഞ്ചായത്തുകളിലേക്കാണു തടയണയിൽ നിന്നു പമ്പ് ചെയ്ത ശേഷം ശുദ്ധീകരിച്ച വെള്ളം ടാങ്കറിൽ കൊണ്ടുപോകുന്നതെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com