ADVERTISEMENT

ചിറ്റൂർ ∙ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നാംവിള നെൽക്കൃഷിക്കുള്ള പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. എന്നാൽ പൂർണ തോതിൽ കൃഷിപ്പണികൾ ആരംഭിക്കണമെങ്കിൽ കനാൽവഴി കൃഷിയിടങ്ങളിലേക്ക് ജലവിതരണം ആരംഭിക്കണമെന്ന് കർഷകർ.

ജലവർഷം അവസാനിക്കാനിരിക്കെ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട 7.25 ടിഎംസി വെള്ളത്തിൽ 5.172 ടിഎംസി വെള്ളം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നാണ് ഇന്നലെ വരെയുള്ള കണക്ക്. ഇനിയും 2 ടിഎംസിയിലധികം വെള്ളം നൽകാനുണ്ടെന്നിരിക്കെ മേയ് രണ്ടാംപകുതി മുതൽ കേരളത്തിനു നൽകേണ്ട വെള്ളം നൽകാൻ പോലും തമിഴ്നാട് തയാറാകുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.

കരാർ പ്രകാരം മേയ് 15 മുതൽ സെക്കൻഡിൽ 400 ഘനയടി എന്ന തോതിൽ വെള്ളം നൽകേണ്ട സ്ഥാനത്ത് ഇന്നലെ വൈകുന്നേരത്തെ കണക്ക് പ്രകാരം സെക്കൻഡിൽ 165 ഘനയടി വെള്ളം മാത്രമാണ് ലഭിക്കുന്നത്. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ ആവശ്യത്തിനുള്ള വെള്ളം ഉണ്ടായിട്ടുപോലും കേരളത്തിനു അർഹതപ്പെട്ട വെള്ളം നൽകാൻ തമിഴ്നാട് തയാറാകുന്നില്ല.

ഒന്നാംവിള ഇറക്കാൻ വൈകിയാൽ സ്വാഭാവികമായും രണ്ടാംവിളയിറക്കാനും കൊയ്ത്തു കഴിയാനും കാലതാമസമുണ്ടാകും. ഫെബ്രുവരി പകുതിയോടെയെങ്കിലും കൊയ്ത്ത് കഴിഞ്ഞെങ്കിൽ മാത്രമേ കനാലുകളുടെ നവീകരണ പ്രവൃത്തികൾ നടത്താനാകൂ. നിലവിൽ നബാർഡ്, പ്ലാൻ ഫണ്ട്, നോൺ പ്ലാൻ ഫണ്ട്, കാഡ തുടങ്ങി വിവിധയിനങ്ങളിലായി 22 കോടി രൂപ കനാൽ നവീകരണത്തിനു ലഭിച്ചിട്ടുണ്ട്. ഇനിയും 40 കോടിയോളം രൂപ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊയ്ത്ത് യഥാസമയം പൂർത്തിയാക്കിയില്ലെങ്കിൽ കനാൽ നവീകരണം അവതാളത്തിലാവുകയും ഫണ്ട് നഷ്ടപ്പെടുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ കേരളത്തിനു വെള്ളം നൽകുന്നത് തമിഴ്നാടിന്റെ ഔദാര്യം പോലെയാണെന്നാണ് വിമർശനം. തമിഴ്നാടിന്റെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഷോളയാറിന്റെ നിയന്ത്രണം അവർ കൈകാര്യം ചെയ്യുന്നതുപോലെ കേരളത്തിന്റെ സ്ഥലത്തു സ്ഥിതിചെയ്യുന്ന പറമ്പിക്കുളം ഡാമിന്റെ നിയന്ത്രണം കേരളം ഏറ്റെടുക്കണമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com