ADVERTISEMENT

ഒറ്റപ്പാലം ∙ ഭാരതപ്പുഴയിലെ മീറ്റ്ന തടയണയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഷട്ടറുകൾ തുറക്കാനുളള ജല അതോറിറ്റിയുടെ ശ്രമം പരാജയപ്പെട്ടു. ഷൊർണൂരിൽ നിന്നു ഫയർഫോഴ്സ് സംഘം ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും ഷട്ടറുകൾ ഉയർത്താനായില്ല.വരൾച്ചാ ഭീഷണിക്കിടെ പെയ്ത കനത്ത മഴയിൽ പുഴയിലും കൈവഴികളിലും ഒഴുക്ക് പെട്ടെന്നു കരുത്താർജിച്ചതോടെയാണു തടയണ ജലസമൃദ്ധമായത്. വേനലിന്റെ തുടക്കത്തിൽ തടയണയിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി അടയ്ക്കാറുള്ള ഷട്ടറുകൾ മഴ ശക്തിപ്പടുന്നതോടെ തുറക്കുകയാണു പതിവ്. 

മഴക്കാലത്തു കരകളിൽ വെള്ളം കയറാനുള്ള സാധ്യത കൂടി പരിഗണിച്ചാണിത്.ഇത്തവണ ചുരുങ്ങിയ ദിവസങ്ങൾക്കിടെ കനത്ത വേനൽമഴ ലഭിച്ചതോടെ തടയണ നിറഞ്ഞു കവിഞ്ഞു. നിലവിൽ തടയണയ്ക്ക് 2 അടിയോളം മുകളിലാണു ജലനിരപ്പ്. ഷട്ടറുകൾ ഉയർത്താൻ ജല അതോറിറ്റി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണു നഗരസഭ ഇടപെട്ടു ഫയർഫോഴ്‌സിന്റെ സഹായം തേടിയത്. പുഴയിലെ ഒഴുക്ക് കുറയാതെ ഷട്ടറുകൾ തുറക്കാനാകാത്ത സാഹചര്യമാണെന്ന് അറിയിച്ചു ഫയർഫോഴ്സ് സംഘവും പിൻവാങ്ങി. തടയണയിലെ സാഹചര്യങ്ങൾ ജില്ലാ കലക്ടറെയും ദുരന്തനിവാരണ അതോറിറ്റിയെയും അറിയിച്ചിട്ടുണ്ടെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.നാസർ പറഞ്ഞു.

ഇതിനിടെ പുഴയുടെ പ്രധാന കൈവഴിയായ ഗായത്രിപ്പുഴയിൽ നിന്നുള്ള ഒഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പഴയന്നൂരിനു സമീപത്തെ ചീരക്കുഴി ഡാമിന്റെ ഷട്ടറുകൾ താൽക്കാലികമായി അടയ്ക്കണമെന്ന് അഭ്യർഥിച്ച് ജല അതോറിറ്റി തൃശൂരിലെ ഇറിഗേഷൻ മേധാവിയെ സമീപിച്ചു. ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷ. ഇന്നലെ മഴയുടെ ശക്തി കുറഞ്ഞതിനൊപ്പം ഗായത്രിപ്പുഴയിൽ നിന്നുള്ള ഒഴുക്ക് കൂടി കുറഞ്ഞാൽ തടയണയിലെ ഷട്ടറുകൾ പൂർണമായി തുറക്കാനാകുമെന്നാണു പ്രതീക്ഷ. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസ്സായ മീറ്റ്ന തടയണയിൽ ഇരുമ്പുകൊണ്ടു നിർമിച്ച 26 ഷട്ടറുകളാണുള്ളത്.

വരൾച്ചയുടെ വക്കിൽ നിന്ന് ജലസമൃദ്ധിയിലേക്ക്
ഒറ്റപ്പാലം ∙ വരൾച്ചയുടെ വക്കോളമെത്തിയ മീറ്റ്ന തടയണയിൽ അപകടകരമാംവിധം ജലനിരപ്പുയർന്നത് ഏതാനും ദിവസങ്ങൾക്കിടെ. പുഴയുടെ പെട്ടെന്നുള്ള ഭാവമാറ്റമാണു ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച നടപടിയിൽ ജല അതോറിറ്റിയുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിച്ചത്. വറ്റിവരണ്ടു മണൽത്തിട്ടകൾ പുറത്തെത്തിയ തടയണയിലേക്ക് ആദ്യമെത്തിയതു ഗായത്രിപ്പുഴയിൽ കൊണ്ടാഴിയിൽ പാലം നിർമാണം നടക്കുന്ന പ്രദേശത്തു വൻതോതിൽ കെട്ടിനിന്നിരുന്ന വെള്ളമാണ്.

ഒറ്റപ്പാലം നഗരസഭയും ജല അതോറിറ്റിയും ഇടപെട്ടു മറുകര ഉൾപ്പെടുന്ന ചേലക്കര മണ്ഡലത്തിന്റെ എംഎൽഎ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണനുമായി ചർച്ച ചെയ്താണു ചാലെടുത്തും മറ്റും തടയണ പ്രദേശത്തേക്കു വെള്ളമെത്തിച്ചത്. ജല വിതരണ പദ്ധതികളുടെ പമ്പിങ്ങിൽ നേരിട്ടിരുന്ന കടുത്ത പ്രതിസന്ധിക്ക് അയവു വന്നതിനു പിന്നാലെ മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം പുഴയിലേക്കു തുറന്നുവിട്ടതോടെ തടയണയുടെ ദാഹമകന്നു. പമ്പിങ് സാധാരണ നിലയിലേക്കു മാറി. ഇതിനു പിന്നാലെയായിരുന്നു കനത്ത വേനൽ മഴ. ഇതോടെ തടയണ നിറഞ്ഞുകവിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com